ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത അപടാവസ്ഥയില്‍; ഉന്നത ജുഡീഷ്യറിയില്‍ അഴിമതിയെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത അപകടാവസ്ഥയിലാണെന്ന് സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ചെലമേശ്വര്‍. ഉന്നത ജുഡീഷ്യറിയില്‍ അഴിമതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്വതന്ത്ര ജുഡീഷ്യറിയില്ലെങ്കില്‍ ജനാധിപത്യത്തിന് പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നും അത്തരത്തില്‍ ഒരു ഭീഷണിയുണ്ടെന്ന് ഇപ്പോഴും എനിക്ക് തോന്നുന്നുണ്ടെന്നും അദ്ദേഹം ഇന്നലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സുപ്രീം കോടതിയിലെ ബന്ധു നിയമനങ്ങള്‍ അഴിമതിക്ക് ആക്കം കൂട്ടുന്നുണ്ട്. ബെഞ്ചിലെ ബന്ധുബലംകൊണ്ട് അഭിഭാഷകര്‍ക്കു താല്‍ക്കാലിക വിജയമുണ്ടാകാമെങ്കിലും ഏറെക്കാലം മുന്നോട്ടുപോകാനാവില്ല. ജഡ്ജിമാരുടെ മക്കളുടെ കാര്യത്തിലടക്കം ഇത് തന്നെയാണ് കാണുന്നത്. ചില മുന്‍ ചീഫ് ജസ്റ്റിസുമാരുടെ മക്കളായ അഭിഭാഷകരുടെ ആദായനികുതി റിട്ടേണ്‍ പരിശോധിച്ചാല്‍ പലതും മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

ആരോപണങ്ങള്‍ എല്ലാം ശരിയാകണമെന്നില്ല. പക്ഷേ സത്യം പുറത്തുകൊണ്ടുവരാന്‍ നിക്ഷ്പക്ഷമായ അന്വേഷണം വേണം. അത് ജുഡീഷ്യറിയുടെ വിശ്വാസ്യത വര്‍ധിപ്പിക്കുകയേ ഉള്ളു. അല്ലാതെ ആരോപണങ്ങള്‍ മറയ്ക്കാന്‍ ശ്രമിച്ചാല്‍ ഫലം വിപരീതമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതിയില്‍ ജഡ്ജിയാക്കണമെന്നു വാദിച്ചതു വ്യക്തിബന്ധത്തിന്റെ പേരിലല്ലെന്നും അദ്ദേഹത്തപ്പോലെ കഴിവുള്ളവര്‍ വരുന്നതു നീതിന്യായ വ്യവസ്ഥയെ ബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular