തിരുവനന്തപുരം: പോലീസിലെ ക്യാംപ് ഫോളോവേഴ്സിന്‍റെ നിയമനം പിഎസ്‍സി വഴിയാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിര്‍ദേശം. ഒരുമാസത്തിനുള്ളിൽ ചട്ടങ്ങള്‍ രൂപീകരിക്കും. ഇതിനായുള്ള ശ്രമങ്ങള്‍ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ആരംഭിച്ചു.
ക്യാംപ് ഫോളോവര്‍മാരുടെ നിയമനം 2011ൽ പിഎസ്‍സിയ്ക്ക് വിട്ടിരുന്നുവെങ്കിലും സ്പെഷ്യൽ റൂള്‍സ് രൂപീകരിക്കാത്തതിനാൽ നിയമനം നടത്താൻ പിഎസ്‍സിയ്ക്ക് കഴിഞ്ഞിരുന്നില്ല. നിലവിൽ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയും താത്കാലികമായുമാണ് നിയമനങ്ങള്‍ നടക്കുന്നത്.
ക്യാംപ് ഫോളോവര്‍മാരെ ഉന്നത ഉദ്യോഗസ്ഥര്‍ അടിമപ്പണിയ്ക്ക് നിയോഗിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ നിയമനം പിഎസ്‍സിയ്ക്ക് വിടണമെന്ന് ക്യാംപ് ഫോളോവേഴ്സ് അസോസിയേഷന ആവശ്യപ്പെട്ടിരുന്നു.
വകുപ്പ് മേധാവികളില്‍നിന്നുള്ള നിര്‍ദേശമനുസരിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് കരട് ചട്ടങ്ങള്‍ തയ്യാറാക്കുകയാണ് ഇനി ചെയ്യേണ്ടത്. തുടര്‍ന്ന് ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തി നിര്‍ദേശങ്ങള്‍ സ്വീകരിക്കണം. ഇതിനു ശേഷം പിഎസ്‍സിയുടെ അനുവാദത്തോടെ കരട് ചട്ടങ്ങളുടെ അന്തിമരൂപം തയ്യാറാക്കിയ ശേഷം സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷം അന്തിമവിജ്ഞാപനം പുറത്തിറക്കും.
Leave a Comment