ട്രാന്‍സ്സെക്ഷ്വലായ ശരീരങ്ങള്‍ ഒരശ്ലീലക്കാഴ്ച്ചയല്ല എന്ന് ജയസൂര്യ എത്ര മനോഹരമായാണ് കാണിച്ചു തന്നത്

കൊച്ചി:ഞാന്‍ മേരിക്കുട്ടിയിലെ നടന്‍ ജയസൂര്യയുടെ പ്രകടനത്തെ പ്രകീര്‍ത്തിച്ച് ശാരദക്കുട്ടി രംഗത്ത്. ട്രാന്‍സ്സെക്ഷ്വലായ ശരീരങ്ങള്‍ ഒരശ്ലീലക്കാഴ്ച്ച അല്ലെന്ന് ജയസൂര്യഎത്ര മനോഹരമായാണ് കാണിച്ചു തന്നതെന്ന് എഴുത്തുകാരി ശാരദക്കുട്ടി അഭിപ്രായപ്പെട്ടു. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രം പതിവു കച്ചവട സിനിമകളില്‍ നിന്നും വ്യത്യസ്തമായാണ് ട്രാന്‍സ് ജെന്‍ഡര്‍ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതെന്നും ശാരദക്കുട്ടി പറയുന്നു.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കാണാം

ഒരു പക്ഷേ കച്ചവട സിനിമകള്‍ ഏറ്റവും അശ്ലീലമായി അവതരിപ്പിച്ചിട്ടുള്ളത് ട്രാന്‍സ് ജെന്‍ഡറുകളുടെ അവസ്ഥയാകാം. ആണും പെണ്ണും കെട്ട എന്ന പ്രയോഗമാകാം സിനിമകളിലെ ലിംഗാധികാരത്തിന്റെ ഏറ്റവും അറപ്പുളവാക്കുന്ന പദപ്രയോഗവും. പതിവു കച്ചവട സിനിമകളില്‍ നിന്ന് വ്യത്യസ്തമായാണ് ട്രാന്‍സ് ജെന്‍ഡര്‍ പ്രശ്നങ്ങള്‍ ഞാന്‍ മേരിക്കുട്ടി എന്ന ചിത്രം അവതരിപ്പിക്കുന്നത്. ട്രാന്‍സ്സെക്ഷ്വലായ ശരീരങ്ങള്‍ ഒരശ്ലീലക്കാഴ്ച്ചയല്ല എന്ന് ജയസൂര്യ എത്ര മനോഹരമായാണ് കാണിച്ചു തന്നത്.

എത്ര ഗ്രേഡ്ഫുള്‍ ആണ് മേരിക്കുട്ടിയുടെ ചലനങ്ങള്‍. അവളുടെ സംഘര്‍ഷാവസ്ഥകള്‍ക്കും സന്തോഷങ്ങള്‍ക്കും എന്തൊരു സ്വാഭാവികത. പെണ്‍ശരീരത്തിന്റെ ചലനങ്ങള്‍, അനാവശ്യമായ പുളയലുകളും കുണുക്കങ്ങളുമില്ലാതെ തന്നെ ഒരു പുരുഷന്‍ അവതരിപ്പിക്കുന്നത് ഒരു പക്ഷേ ഈ ഗണത്തില്‍പ്പെട്ട മലയാള സിനിമകളില്‍ മുമ്പ് കണ്ടിട്ടുണ്ടാകില്ല. ജോഗ് ചെയ്യുന്ന മേരിക്കുട്ടി, നൃത്തം ചെയ്യുന്ന മേരിക്കുട്ടി, കൂട്ടുകാരിയുടെ മകളുടെ മുടി കോതിപ്പിന്നിക്കൊടുക്കുന്ന മേരിക്കുട്ടി, തികച്ചും സ്വാഭാവികമായ ചലനങ്ങള്‍.

ഒരു സിനിമ കണ്ടിറങ്ങിയ ഉടനെ തന്നെ അതിലെ അഭിനേതാവിനെ നേരില്‍ കണ്ട് അഭിനന്ദിക്കണമെന്ന് അപൂര്‍വ്വമായേ തോന്നാറുള്ളു. പ്രിയപ്പെട്ട ജയസൂര്യ, നിങ്ങളെ നേരില്‍ കാണണമെന്നും അഭിനന്ദിക്കണമെന്നും തോന്നി. ട്രാന്‍സ് ജെന്‍ഡറുകള്‍ നേരിടുന്ന പൊള്ളുന്ന അവസ്ഥകളെ അതിന്റെ എല്ലാ ഭയാനകതകളോടും കൂടി ചലച്ചിത്രം ആവിഷ്‌കരിക്കുന്നുണ്ട്. സിനിമ മുന്നോട്ടു വെയ്ക്കുന്ന സന്ദേശത്തിന് വലുതായ പ്രസക്തിയുണ്ട്.

ഒരു വാണിജ്യ സിനിമയില്‍ നിന്നു പ്രതീക്ഷിക്കാനാവാത്ത ഒതുക്കവും മുറുക്കവും മിഴിവും നല്‍കി തന്നെയാണ് സിനിമയുടെ മുഴുവന്‍ ടീമും പ്രവര്‍ത്തിക്കുന്നത്. പാളിപ്പോകാതിരിക്കാനുള്ള പരമാവധി ശ്രദ്ധയുണ്ട്. എല്ലാവരും തീര്‍ച്ചയായും കാണണം ഈ ചിത്രം. കലാപരമായ മേന്മയുടെ പേരിലല്ല, സാമൂഹിക നീതി ഉറപ്പിക്കുന്നതില്‍ ഭാഗഭാക്കാകുന്നതിന് തല കുനിയുകയെങ്കിലും ചെയ്താല്‍ അത്രയും നന്ന്.

pathram desk 2:
Related Post
Leave a Comment