കേരളത്തിന്റെ ഫുട്‌ബോള്‍ ആരാധന എറ്റെടുത്ത് മെസി,വീഡിയോ പുറത്ത് വിട്ടത് ഒഫിഷ്യല്‍ പേജിലൂടെ

കൊച്ചി:മെസിയുടെയും അര്‍ജന്റീനയുടെയും വിജയത്തിന് വേണ്ടി പ്രാര്‍ത്ഥനാപൂര്‍വ്വം കൈ ഉയര്‍ത്തുന്നവരുടെ കൂട്ടത്തില്‍ മലയാളികളുടെ നീണ്ട നിരയുമുണ്ട്. കേരളമൊട്ടാകെ മെസിയുടെ കൂറ്റന്‍ കട്ട്ഔട്ട് നിറയുകയാണ്. കേരളത്തിലെ ആരാധകരുടെ ആവേശം സാക്ഷാല്‍ മെസിയും ഏറ്റെടുത്തിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മെസ്സി ആരാധകരുടെ ആവേശപ്രകടനങ്ങള്‍ ഉള്‍പ്പെടുത്തി ലയണല്‍ മെസ്സിയുടെ ഒഫിഷ്യല്‍ ഫെയ്‌സ്ബുക് പേജില്‍ അവതരിപ്പിച്ച വിഡിയോയില്‍ നിറഞ്ഞു നിന്നത് കേരളവും കേരളത്തിലെ ആരാധകരുടെ ആവേശ പ്രകടനങ്ങളുമായിരുന്നു. ഒരു മിനിറ്റും അഞ്ചു സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വിഡിയോയില്‍ മൂന്നുതവണ മലയാളി ഫുട്‌ബോള്‍ ആരാധകരുടെ ആവേശത്തെയാണ് അവതരിപ്പിച്ചത്.

ചങ്കാണ് അര്‍ജന്റീന എന്ന ഫെയ്‌സ്ബുക്കിലെ പ്രശസ്തമായ പ്രൊഫൈല്‍ ഫ്രെയിം വാചകവും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിനു പുറമേ അര്‍ജന്റീന, ബംഗ്ലദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആരാധകരെയും വിഡിയോയില്‍ അവതരിപ്പിക്കുന്നുണ്ട്.ചൊവ്വാഴ്ചയാണ് ഔദ്യോഗിക പേജില്‍ വിഡിയോ പോസ്റ്റ് ചെയ്തത്. വിഡിയോയില്‍ കേരളവുമുണ്ടെന്നറിഞ്ഞതോടെ ലൈക്കുകളും കമന്റുകളുമായി മലയാളികള്‍ ഇതിലേക്ക് ഒഴുകിയെത്തി. ഇതൊരു വലിയ അംഗീകാരമെന്നായിരുന്നു മിക്കവരുടെയും പ്രതികരണം. മെസി വിഡിയോ ഏറ്റെടുത്തതോടെ മലയാളികളുടെ ആവേശവും അണപൊട്ടിയൊഴുകി. മെസിക്കും അര്‍ജന്റീനയ്ക്കും വേണ്ടി ആര്‍പ്പുവിളിച്ചതിനും നെഞ്ചോടു ചേര്‍ത്തതിനുമെല്ലാം തിരിച്ചും സ്‌നേഹം നല്‍കിയ മെസിക്ക് സ്‌നേഹവും ആദരവും അര്‍പ്പിക്കുകയാണ് മലയാളികള്‍.

pathram desk 2:
Related Post
Leave a Comment