ഷാഫി പറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ‘അല്ലയോ ഷുഹൈബ്, നിന്റെ രക്ത സാക്ഷിത്തത്തെ അപമാനിച്ചവരുടെ കൈകളിലേക്കോ നീ പ്രണയിച്ച നമ്മുടെ പരിചക്രാങ്കിത മൂവര്‍ണ്ണക്കൊടി’

കൊച്ചി: ഷാഫി പറമ്പലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിനന്റ് ആക്കുന്നതിനെതിരെ പരസ്യപ്രതികരണവുമായി ഐ ഗ്രൂപ്പ് നേതാവും യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയുമായ ജോഷി കണ്ടത്തില്‍. ഷാഫി പറമ്പിലിനെ പ്രസിഡന്റാക്കുന്നത് ഷുഹൈബിന്റെ രക്തസാക്ഷിത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഷാഫി പറമ്പിലാണത്രേ സംസ്ഥാന പ്രസിഡന്റ്…

‘അല്ലയോ ഷുഹൈബ്, നിന്റെ രക്ത സാക്ഷിത്തത്തെ അപമാനിച്ചവരുടെ കൈകളിലേക്കോ നീ പ്രണയിച്ച നമ്മുടെ പരിചക്രാങ്കിത മൂവര്‍ണ്ണക്കൊടി…..’

ഫെബ്രുവരി 12 രാത്രി സമയത്ത് സി പി എം നരാധമന്‍മാര്‍ 41 വെട്ട് വെട്ടി തുണ്ടം തുണ്ടമാക്കിയ കുഞ്ഞനുജന്‍ നിലകൊണ്ട പ്രസ്ഥാനമാണ് യൂത്ത് കോണ്‍ഗ്രസ്.

യൂത്ത് കോണ്‍ഗ്രസുകാരനായതു കൊണ്ട് മാത്രം കൊല്ലപ്പെട്ട നേതാവ് എന്നു പറയുന്നതാണ് ശരി. അന്നേ ദിവസവും പിറ്റേ ദിവസവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിങ്ങിനിറഞ്ഞു നിന്ന ആശുപത്രി വരാന്തകളും ഷുഹൈബിന്റെ വീടിന്റെ മുന്‍വശവുമെല്ലാം എന്റെ ഓര്‍മ്മകളിലുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, തൊട്ട് പുറകെ സി.ആര്‍.മഹേഷ്, വിവരം അറിഞ്ഞ ഉടന്‍ അവിടെയെത്തി തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നലകിയത് ഈറനണിഞ്ഞ കണ്ണുകളുമായാണ്.അവരുടെ പ്രവര്‍ത്തനങ്ങളെ യൂത്ത് കോണ്‍ഗ്രസുകാര്‍ നെഞ്ചേറ്റുന്നു.പക്ഷെ ഈ ദിവസങ്ങളില്‍ കേരളത്തില്‍ നിന്നുള്ള അഖിലേന്ത്യാ ഭാരവാഹികള്‍ എവിടെയായിരുന്നു. ദേശീയ നേതൃത്വത്തിലെ തിരക്കുകള്‍ എന്ന് വേണമെങ്കില്‍ പറയാം. വീട്ടില്‍ ഒരു മരണം ഉണ്ടായാല്‍ വരാന്‍ ഈ നേതാക്കള്‍ക്ക് സമയം കിട്ടാതിരിക്കുമോ? ഈ വിഷമങ്ങള്‍ ഞങ്ങള്‍ മറന്നതാണ്. പക്ഷെ ആ കൂട്ടത്തില്‍ നിന്നും ഒരു വ്യക്തിയെത്തന്നെ സംസ്ഥാന പ്രസിഡന്റാക്കാന്‍ തയ്യാറെടുക്കുന്ന നേതൃത്തത്തോട് ഒരു കാര്യം പറയട്ടെ ഞങ്ങളുടെ അനുജന്‍ ഷുഹൈബിന്റെ രക്തസാക്ഷിത്തത്തെ നിങ്ങള്‍ അപമാനിക്കരുത്. പ്രിയപ്പെട്ട ഷാഫി പറമ്പില്‍….ആ മയ്യത്ത് ഏറ്റു വാങ്ങുന്ന സമയം ഡീന്‍ കുര്യാക്കോസിന് സമീപം താങ്കള്‍ ഉണ്ടായിരുന്നുവെങ്കില്‍ ….വിലാപയാത്രയിലെവിടെയെങ്കിലുംതാങ്കളുണ്ടായിരുന്നുവെങ്കില്‍ …..പതിനായിരങ്ങള്‍ കൂടിയ ഖബറടക്കത്തിലെങ്കിലും താങ്കള്‍ വന്നിരുന്നെങ്കില്‍…. അതിനു ശേഷം കരഞ്ഞു തളര്‍ന്ന അവന്റെ ഉപ്പായെ ഒന്ന് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാന്‍ രണ്ടാം ദിവസം, മൂന്നാം ദിവസം, നാലാദിവസം എപ്പൊഴെങ്കിലും പ്രാര്‍ത്ഥനാനിര്‍ഭരമായ ആ വീട്ടില്‍ താങ്കള്‍ വന്നിരുന്നെങ്കില്‍ താങ്കളോട് ഞങ്ങള്‍ക്ക് ബഹുമാനമുണ്ടാകുമായിരുന്നു. എഐസിസി നേതാക്കളെ ചുറ്റിപ്പറ്റിയാണല്ലോ താങ്കള്‍ അവിടേക്ക് വന്നത് എന്നോര്‍ക്കുമ്പോള്‍….

മരണവിവരം അറിഞ്ഞപ്പോള്‍ പ്രസംഗവേദിയില്‍ നിന്ന് ‘എന്റെ കൂടെപ്പിറപ്പ് നരാധമന്മാര്‍ കൊല ചെയ്യപ്പെട്ട് ‘എന്ന് പറഞ്ഞ് പരിപാടികള്‍ അവസാനിപ്പിച്ച് വിദേശത്തു നിന്നും തിരികെയെത്തി ഞങ്ങള്‍ക്ക് ശക്തി പകര്‍ന്ന നേതാവ് കെ.സുധാകരന്‍ ,കെ പി സി സി പ്രസിഡന്റ് എം.എം.ഹസ്സന്‍ ആശുപത്രിയില്‍ എല്ലാ കാര്യങ്ങള്‍ക്കും സുധാകരന്റെ നിര്‍ദ്ദേശ പ്രകാരം നേതൃത്വം കൊടുത്ത സതീഷന്‍ പച്ചേനി, ഊണും ഉറക്കവും കളഞ്ഞ് ഞങ്ങളോടൊപ്പം നിന്ന ടി.സിദ്ധിഖ്, മരണവിവരം അറിഞ്ഞതു മുതല്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ തിരക്കി നിര്‍ദ്ദേശങ്ങള്‍ തരുകയും സമയബന്ധിതമായി അവിടെയെത്തുകയും ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .. ഇവരുടെ കൂട്ടത്തില്‍ എപ്പോഴെങ്കിലും ഷാഫി പറമ്പില്‍ ഈ കാര്യങ്ങള്‍ എന്തെങ്കിലും അന്വേഷിച്ചിരുന്നോ..

എന്തായാലും ഷാഫി പറമ്പിലിനെ സംസ്ഥാന പ്രസിഡന്റാകാന്‍ പോകുന്ന നേതാക്കള്‍ ഒരു ഉപദേശം കൂടി അദ്ദേഹത്തിന് നല്കണം.എടയന്നൂരിലെ ഷുഹൈബിന്റെ ഖബറിടത്തില്‍ ചെന്ന് മനസറിഞ്ഞ് ഒന്ന് പ്രാര്‍ത്ഥിക്കാന്‍…

കാരണം ഷുഹൈബിന്റെ രക്തത്തിന്റെ ഗന്ധം ഈ കേരളത്തില്‍ നിന്നും മാറിയിട്ടില്ല… അവന്റെ ഓര്‍മ്മകളിന്മേലുള വികാരം പ്രവര്‍ത്തകരുടെ ഹൃദയത്തില്‍ നിന്നും മാഞ്ഞിട്ടില്ല..

ഷാഫി പറമ്പിലിന്റെ ഒരു പോസ്റ്റാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയത്.അതില്‍ അദ്ദേഹം മാത്രം തെറ്റുകാരനെന്ന അഭിപ്രായം എനിക്കില്ല.പക്ഷെ അതില്‍ പഞ്ഞ അധികാര കുത്തകയും ഡെപ്പോസിറ്റുമെല്ലാം അദ്ദേഹത്തിന് ബാധകമല്ലേ? പറയുമ്പോള്‍ എന്തും പറയാം. സ്വന്തം കാര്യം വരുമ്പോള്‍ പറയുന്നത് മറക്കാം. കേള്‍ക്കുന്നവരെല്ലാം മണ്ടന്‍മാരെന്ന് വിചാരിക്കരുത്.അത് പോലെയല്ല രക്തസാക്ഷിത്തത്തെ അപമാനിക്കുന്നത്
കാലം തെളിയിക്കട്ടെ
‘രക്തസാക്ഷികള്‍ അമരന്മാര്‍’

pathram desk 2:
Related Post
Leave a Comment