ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പിഡിപി-ബിജെപി സഖ്യം വേര്‍പിരിഞ്ഞു. ഇനി പിഡിപിയുമായി സഹകരിച്ച് പോകാന്‍ കഴിയില്ലെന്ന് ബിജെപി അറിയിച്ചു. 2014ലാണ് പിഡിപി-ബിജെപി സഖ്യം രൂപീകരിച്ചത്. അതേസമയം സഖ്യം വേര്‍പിരിഞ്ഞതോടെ ബിജെപി മന്ത്രിമാര്‍ രാജിവെച്ചിരിക്കുകയാണ്. 89 അംഗ നിയമസഭയില്‍ പിഡിപിക്ക് 28ഉം ബിജെപിക്ക് 25ഉം അംഗങ്ങളാണുള്ളത്. മറ്റുള്ളവര്‍ 36 ആണ്. ഇതോടെ കശ്മീരില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യത ഉയര്‍ന്നിരിക്കുകയാണ്.
ജമ്മു കശ്മീരില്‍നിന്നുള്ള ബിജെപി എംഎല്‍എമാരുടെ യോഗത്തിനുശേഷമാണു പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അന്തിമ തീരുമാനം എടുത്തത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകള്‍ക്കകമായിരുന്നു ഡല്‍ഹിയില്‍ എംഎല്‍എമാരുടെ യോഗം നടന്നത്. തീരുമാനം വെളിപ്പെടുത്തി ബിജെപി നേതാവ് റാം മാധവാണ് രംഗത്തെത്തിയത്.
റമസാനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ വെടിനിര്‍ത്തല്‍ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ പിഡിപി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. മാത്രമല്ല, കശ്മീര്‍ വിഷയം പരിഹരിക്കപ്പെടണമെങ്കില്‍ കേന്ദ്രം വിഘടനവാദികളുമായി സംസാരിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സ്വീകരിച്ചിരുന്നതും. ഇതും ഇരു പാര്‍ട്ടികള്‍ക്കിടയിലെ വിടവ് വര്‍ധിപ്പിച്ചു.
‘ബിജെപിക്ക് ഇനി പിഡിപിയുമായുള്ള ബന്ധം തുടരാനാകില്ല. ഭീകരവാദവും അക്രമവും മറ്റും വളരെയധികം വര്‍ധിച്ചിരിക്കുന്നു. പൗരന്മാരുടെ അടിസ്ഥാനപരമായ അവകാശങ്ങള്‍ അപകടത്തിലാണ്. മാധ്യമപ്രവര്‍ത്തകനായ ഷുജാത്ത് ബുഖാരിയുടെ കൊലപാതകം ഇതിന് ഉദാഹരണമാണ്. ഇന്ത്യയുടെ ആകെയുള്ള സുരക്ഷയും അഖണ്ഡതയും പരിഗണിച്ചാണു തീരുമാനം. ജമ്മു കശ്മീര്‍ എന്നത് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇതു നിലനിര്‍ത്താനും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനുമാണ് ഈ തീരുമാനം. സംസ്ഥാനത്തിന്റെ ഭരണം ഗവര്‍ണര്‍ക്കു കൈമാറും’ റാം മാധവ് കൂട്ടിച്ചേര്‍ത്തു.
Leave a Comment