തിരുവനന്തപുരം: നിയമസഭയെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാര്‍. അഞ്ചല്‍ സിഐയെ സ്ഥലം മാറ്റിയത് അച്ചടക്ക നടപടിയുടെ ഭാഗമായാണെന്ന സര്‍ക്കാര്‍ വാദം തെറ്റ്. ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദിച്ചത് ജൂണ്‍ 13നാണ്. എന്നാല്‍ സിഐയെ സ്ഥലംമാറ്റിയ ഉത്തരവ് മെയ് 30ന് വന്നതാണ്. കേസ് അന്വേഷിച്ചതിലെ വീഴ്ചക്കുള്ള നടപടിയാണെന്ന് സര്‍ക്കാര്‍ ഇന്ന് നിയമസഭയെ അറിയിച്ചിരുന്നു.
നിയമസഭയില്‍ അനില്‍ അക്കരെയ്ക്ക് നല്‍കിയ മറുപടിയിലാണ് അച്ചടക്ക നടപടിതന്നെയെന്ന വിശദീകരണം സര്‍ക്കാര്‍ നല്‍കിയത്. വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിനെ കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എ മര്‍ദിച്ചെന്ന കേസ് അന്വേഷിക്കുന്ന കൊല്ലം അഞ്ചല്‍ സി.ഐ. കെ.ആര്‍.മോഹന്‍ ദാസിനെ സ്വന്തം ജില്ലയായ കോട്ടയത്തെ പൊന്‍കുന്നത്തേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്. അച്ചടക്കനടപടിയല്ല മറിച്ച് സിഐ നേരത്തെ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റമെന്നാണ് പൊലീസിന്റെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ അച്ചടക്ക നടപടിയാണെന്ന് സര്‍ക്കാര്‍ ഇന്ന് സഭയില്‍ അറിയിക്കുകയായിരുന്നു.
കേസ് അന്വേഷണത്തില്‍ സിഐ എംഎല്‍എയ്ക്ക് വേണ്ടി ഒത്തുകളിക്കുന്നെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. മോഹന്‍ദാസിന്റെ വീടിന് സമീപത്ത് വച്ചായിരുന്നു ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദ്ദിച്ചത്. ബഹളം കേട്ട് പുറത്തിറങ്ങിയ സി.ഐ കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് പകരം ഗണേഷിനെയും ഡ്രൈവറേയും സംഭവസ്ഥലത്ത് നിന്ന് രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മര്‍ദ്ദനമേറ്റ അനന്തകൃഷ്ണന്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ സി.ഐ തടഞ്ഞതായും ആരോപണമുണ്ട്.പുതിയ സിഐയായി സതികുമാര്‍ ചുമതലയേറ്റു.
അതേസമയം യുവാവിനെ മര്‍ദിച്ച കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്ന് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ നിയമസഭയില്‍ പറഞ്ഞു. ഇന്ന് ഞാന്‍, നാളെ നീ എന്ന് അംഗങ്ങള്‍ മനസിലാക്കണം.സര്‍ക്കാരിനെ കരിവാരിത്തേക്കാന്‍ ശ്രമം നടക്കുന്നു. യുവാവിനെ മര്‍ദ്ദിച്ച കേസില്‍ വിമര്‍ശനം ഉന്നയിക്കുന്നത് കാര്യമറിയാതെയാണ്. മാധ്യമങ്ങള്‍ക്ക് തന്നോട് വിരോധമുണ്ടെന്നും ഗണേഷ് ആരോപിച്ചു. സത്യം തെളിയുമ്പോള്‍ ആരോപണം ഉന്നയിച്ചവര്‍ തിരുത്തണമെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.
Leave a Comment