ഇനി എന്ത്…? ഭാവി പരിപാടികളെ കുറിച്ച് വിശദീകരിച്ച് അറ്റ്‌ലസ് രാമചന്ദ്രന്‍

ദുബായ്: പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുമെന്നു സാമ്പത്തിക കേസില്‍ മൂന്നുവര്‍ഷത്തോളം യുഎഇ ജയിലിലായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞു. സൗദി, കുവൈത്ത്, ദോഹ, മസ്‌കത്ത് എന്നിവിടങ്ങളിലെ ജ്വല്ലറികള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണു മുന്‍ഗണനയെന്നും അറ്റ്‌ലസ് രാമചന്ദ്രന്‍.
ബോംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള അറ്റ്‌ലസ് ജ്വല്ലറി ഇന്ത്യാ ലിമിറ്റഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കും. 10 രൂപയുടെ ഓഹരിക്ക് ഇപ്പോള്‍ 70 രൂപയുണ്ട്. അയ്യായിരത്തോളം ചെറിയ ഓഹരി ഉടമകളുള്ള ഈ കമ്പനി വിപുലമാക്കും. യുഎഇയിലെ 19 ഷോറൂമുകളും ഓഫിസും വര്‍ക്‌ഷോപ്പും അടച്ചെങ്കിലും രാജ്യം വിടില്ല. ഒരു ഷോറൂമെങ്കിലും എത്രയും വേഗം പുനരാരംഭിക്കും.

വായ്പയ്ക്ക് ഈടായി നല്‍കിയ ചെക്ക് മടങ്ങിയതാണു പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടത്. തിരിച്ചടവ് ഒരു തവണ അല്‍പം വൈകി. നന്നായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍നിന്ന് വൈകല്‍ ബാങ്ക് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. എന്നാല്‍, ബാങ്ക് പെട്ടെന്ന് ചെക്ക് ഹാജരാക്കാനുള്ള കാരണം ചില കിംവദന്തികളാണെന്നു കരുതുന്നു. ഭാര്യ ഇന്ദിരയാണു ബാങ്കുകളുമായി ചര്‍ച്ച നടത്തിയത്. മസ്‌കത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് ആശുപത്രികള്‍ വിറ്റാണു ബാങ്കുകള്‍ക്കു തുക നല്‍കി താല്‍ക്കാലിക ധാരണയിലെത്തിയത്. എന്നാല്‍ ആശുപത്രികള്‍ വില്‍ക്കാനും പണം കിട്ടാനും പബ്ലിക് പ്രോസിക്യൂഷനില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും കുറച്ചു സമയമെടുത്തു. ദൈവത്തോടും ഒപ്പം നില്‍ക്കുന്നവരോടും നന്ദിയുണ്ടെന്നും രാമചന്ദ്രന്‍ പറഞ്ഞു.

മൂന്നുവര്‍ഷത്തോളം നീണ്ട ജയില്‍വാസത്തിനുശേഷമാണ് രാമചന്ദ്രന്‍ മോചിതനായത്. വായ്പ നല്‍കിയ ബാങ്കുകളും സ്വകാര്യ സ്ഥാപനങ്ങളുമായി ഒത്തുതീര്‍പ്പിലെത്തിയതിനെ തുടര്‍ന്നാണു മോചനം. എന്നാല്‍ കര്‍ശന ജാമ്യവ്യവസ്ഥകളുള്ളതിനാല്‍ വിദേശയാത്രാ വിലക്കുണ്ട്. വിവിധ ബാങ്കുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമായി 55കോടിയിലേറെ ദിര്‍ഹത്തിന്റെ (ആയിരം കോടിയോളം രൂപ) വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന കേസില്‍ 2015 ഓഗസ്റ്റിലാണ് അറസ്റ്റിലായത്. ആദ്യം നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു ദുബായ് കോടതി മൂന്നുവര്‍ഷ തടവുശിക്ഷ വിധിക്കുകയായിരുന്നു.

രാമചന്ദ്രന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെ ശ്രമം നടത്തിയിരുന്നു. കടം വീട്ടാനായി ഒമാനിലെ ആസ്തികള്‍ ഉള്‍പ്പെടെ വിറ്റാണ് ഒത്തുതീര്‍പ്പിലെത്തിയതെന്ന് അറിയുന്നു. മൂന്നു പതിറ്റാണ്ട് മുന്‍പ് ആരംഭിച്ച അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പിന്റെ യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലെ അന്‍പതോളം ശാഖകള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. കേരളത്തിലെ ശാഖകളും അടച്ചു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment