കാറോടിക്കാന്‍ മാത്രമല്ല… വിമാനം പറത്താനും അറിയാം!!! ആദ്യമായി വിമാനം പറത്തിയ അനുഭവം പങ്കുവെച്ച് മമ്മൂട്ടി

വാഹനങ്ങളോടും ഡ്രൈവിംഗിനോടുമുള്ള മമ്മൂട്ടിയുടെ കമ്പം കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാവുന്നതാണ്. എന്നാല്‍ മമ്മൂട്ടി വിമാനം പറത്തിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ വിശ്വസിച്ചേ മതിയാകൂ. സംഗതി സത്യമാണ്. മമ്മൂക്ക വിമാനം പറത്തിയിട്ടുണ്ട്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആദ്യമായി വിമാനം പറത്തിയതിന്റെ അനുഭവം മമ്മൂക്ക പങ്കുവയ്ക്കുന്നത്. ജീവിതത്തില്‍ ചെയ്യാനാകില്ല എന്ന് തോന്നിയ ജോലിയേതെന്ന ചോദ്യത്തിനായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

റാസ് അല്‍ ഖൈമയില്‍ ദുബായ് സിനിമയുടെ ഷൂട്ടിന് പോയ സമയത്തായിരുന്നു സംഭവം. വിമാനം പറത്തിയപ്പോള്‍ താന്‍ പേടിച്ചുവെന്നും പിന്നീട് സിനിമയുടെ ഇന്‍ട്രൊഡക്ഷന്‍ സീനില്‍ ഇങ്ങനെയാക്കിയാലോ എന്ന് ജോഷി ചോദിച്ചിരുന്നുവെങ്കിലും ഒന്ന് കൂടി വിമാനം പരത്താനുള്ള ധൈര്യം തനിക്കില്ലെയിരുന്നുവെന്നും മമ്മൂട്ടി സമ്മതിക്കുന്നു. ഇനി ഇതിന്റെ പേരില്‍ മമ്മൂട്ടിക്ക് ധൈര്യമില്ല വിമാനം പറത്തിയപ്പോള്‍ പേടിച്ചു എന്നുള്ള ട്രോള്‍ വരുമോ എന്നും ചോദിക്കുന്നുണ്ട് അദ്ദേഹം.

മമ്മൂട്ടിയുടെ വാക്കുകള്‍

ഒരുവിധപ്പെട്ട ജോലിയൊക്കെ ചെയ്തു നോക്കിയിട്ടുണ്ട്. അത്യാവശ്യം പാചകം അറിയാം. വള്ളം തുഴയാനറിയാം. വണ്ടിയോടിക്കാനറിയാം…. വിമാനം പറത്താനറിയില്ലെങ്കിലും പറത്തി നോക്കിയിട്ടുണ്ട് പക്ഷേ പേടിച്ചു പോയി. റാസല്‍ ഖൈമയില്‍ ദുബായ് സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. കൊതുമ്പുവള്ളം പോലെ ഒരു ടു സീറ്റര്‍ വിമാനം. എനിക്കൊപ്പം കയറിയ പൈലറ്റ് നല്ല ട്രെയനറുമാണ്. കക്ഷിക്ക് ഞാന്‍ വിമാനം പറത്തണമെന്ന് നിര്‍ബന്ധം. അയാള്‍ പുറകിലിരിക്കും ഞാന്‍ സീറ്റിലിരുന്ന് പറത്തണം. ഒരു കുഴപ്പവുമില്ല ധൈര്യമായി പറത്തൂ എന്നു പറഞ്ഞു കുറേ നിര്‍ബന്ധിച്ചപ്പോള്‍ ആത്മവിശ്വാസം തോന്നി. ജോയ്സ്റ്റിക് പോലുള്ള വടി പിടിച്ച് മുന്നോട്ടും പിന്നോട്ടും നീക്കിയാല്‍ മതി. പറഞ്ഞതുപോലെ ചെയ്തു. അതാ വിമാനം മുന്നോട്ടുനീങ്ങുന്നു, പറന്നു പൊങ്ങുന്നു. അതോടെ സംഗതി കൈവിട്ടെന്ന് എനിക്ക് തോന്നി. ലാന്‍ഡ് ചെയ്യാന്‍ താഴ്ന്ന് പറന്നപ്പോള്‍ ഇലക്ട്രിക് ലൈനുകള്‍ കാണാം. അതോടെ പേടി കൂടി.

ഒടുവില്‍ എങ്ങനെയോ ഭൂമിയില്‍ തിരിച്ചെത്തി. സിനിമയില്‍ ഇന്‍ട്രൊഡക്ഷന്‍ സീനില്‍ ഇങ്ങനെ ആയാലോ എന്നു ജോഷി ആലോചിച്ചതാണ് എന്നാല്‍ ഒന്നുകൂടെ വിമാനം പറത്താനുള്ള ധൈര്യം ഇല്ലായിരുന്നു. മമ്മൂട്ടിക്ക് ധൈര്യമില്ല വിമാനം പറത്തിയപ്പോള്‍ പേടിച്ചു എന്നൊക്കെ പറഞ്ഞുള്ള ട്രോളുകളും വരുമായിരിക്കും.

pathram desk 1:
Related Post
Leave a Comment