രാജ്യസഭാ സീറ്റ് ഒരു കീഴ്വഴക്കമാകില്ല, ഒരു പ്രാവശ്യത്തേക്ക് മാത്രമുള്ള ധാരണ: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി യു.ഡി.എഫില്‍ അഭിപ്രായഭിന്നത തുടരുന്നതിനിടെ പ്രതികരണവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്നണി സംവിധാനം ശക്തമായി കൊണ്ടുപോകാന്‍ കൂട്ടായി എടുത്ത തീരുമാനമാണ് കേരള കോണ്‍ഗ്രസിനു സീറ്റ് വിട്ടുകൊടുക്കുക എന്നത്. തീരുമാനം കൂട്ടായെടുത്ത് അതിന്റെ അംഗീകാരം തേടുക മാത്രമാണു ചെയ്തത്.കേരളാ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് മുന്നണിയെ ശക്തിപ്പെടുത്തും. യു.ഡി.എഫ് ഒറ്റക്കെട്ടായിത്തന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ രാജ്യസഭാ സീറ്റ് ഒരു കീഴ്വഴക്കമാകില്ല. ഒരു പ്രാവശ്യത്തേക്ക് മാത്രമുള്ള ധാരണയാണിതെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. ഇതിനു മുന്‍പും ഇത്തരം സാഹചര്യം ഉണ്ടായിട്ടുണ്ട്. 1991 വരെ കേരളാ കോണ്‍ഗ്രസിന് ലഭിച്ചിരുന്ന സീറ്റ് ഒരു പ്രത്യേക സാഹചര്യത്തില്‍ കോണ്‍ഗ്രസ് എടുത്തിരുന്നു. 2010-15 കാലഘട്ടത്തില്‍ മുസ്ലിം ലീഗിനും സീറ്റ് കൊടുത്തിരുന്നില്ല. അത്തരം വിട്ടുവീഴ്ച്ചകള്‍ എല്ലാ മുന്നണിയില്‍ നിന്നും മുമ്പ് ഉണ്ടായിട്ടുണ്ട്. ഇത് മനസിലാക്കാത്തതുകൊണ്ടാണ് ചിലയിടങ്ങളില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയരുന്നത്.

അതേസമയം, പി.ജെ കുര്യനെതിരെ താന്‍ ആര്‍ക്കും പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാ സീറ്റ് സംബന്ധിച്ചു കാര്യങ്ങള്‍ മനസ്സിലാക്കാത്തതു കൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നത്. താന്‍ പരാതി പറയുകയാണെങ്കില്‍ അത് കോണ്‍ഗ്രസ് അധ്യക്ഷനോടാണ്. അദ്ദേഹത്തോടു നേരിട്ടു ചോദിച്ചാല്‍ കുര്യനു സത്യാവസ്ഥ മനസ്സിലാകും. കുര്യനോടു വ്യക്തിപരമായി വൈരാഗ്യമില്ല. ബഹുമാനവും ആദരവുമേയുള്ളൂവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular