അസാധു നോട്ടുകള്‍ വാങ്ങിക്കൂട്ടുന്നത് പാക് ചാര സംഘടനായ ഐ.എസ്.ഐ!!! ഉപയോഗിക്കുന്നത് ഇന്ത്യന്‍ കറന്‍സികളുടെ വ്യാജന്‍ അച്ചടിക്കാനെന്ന്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ വ്യാപകമായി വാങ്ങിക്കൂട്ടുന്നതിനു പിന്നില്‍ പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്ഐ ആണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. പുതിയ ഇന്ത്യന്‍ കറന്‍സികളുടെ വ്യാജന്‍ അച്ചടിക്കുന്നതിനാണ് അസാധു നോട്ടുകള്‍ ഉപയോഗിക്കുന്നതെന്നും ഇന്റലിജന്‍സ് വ്യക്തമാക്കുന്നു.

അസാധു നോട്ടുകള്‍ വാങ്ങിക്കൂട്ടുന്ന ഐഎസ്ഐ ഏജന്റുമാര്‍ അത് നേപ്പാള്‍ വഴി കറാച്ചിയിലേക്കും പെഷാവറിലേക്കും കടത്തുകയാണ്. ഡി-കമ്പനി ഏജന്റുമാരാണ് ഇതിന് സഹായം ചെയ്യുന്നത്. ആര്‍.ബി.ഐയുടെ സുരക്ഷാ കമ്പി ഈ നോട്ടുകളിലുണ്ട്. പ്രിന്റിംഗ് പ്രസുകളില്‍ എത്തിക്കുന്ന അസാധു നോട്ടുകളില്‍ ഈ സുരക്ഷാ കമ്പികള്‍ വേര്‍തിരിച്ചെടുത്ത് പുതിയ 500, 2000, 50 രൂപ നോട്ടുകള്‍ വ്യാജമായി അച്ചടിക്കുകയാണ് ഐഎസ്ഐ ചെയ്യുന്നത്.

പിന്നീട് ഈ വ്യാജ നോട്ടുകള്‍ ഡി കമ്പനിയുടെ സഹായത്തോടെ ദുബായ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് കള്ളക്കടത്ത് വഴി എത്തിക്കുകയാണ് ചെയ്യുന്നതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഇതിനകം കോടിക്കണക്കിന് രൂപയുടെ നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തിരുന്നു. ഇവ കടത്തുന്നവരില്‍ നിന്നും ഐഎസ്ഐയുടെ താല്‍പര്യവും ഇന്റലിജന്‍സിന് ലഭിച്ചിരുന്നു. വ്യാജ കറന്‍സിയുടെ ഇടപാടില്‍ പാകിസ്താനി കള്ളക്കടത്തുകാര്‍ക്ക് വലിയ പങ്കുണ്ടെന്നും നേപ്പള്‍, പാകി്താന്‍ എന്നിവ വഴി ദുബായ്, ബംഗ്ലാദേശ് വരെ നീണ്ടുകിടക്കുന്നതാണ് ഈ കണ്ണികള്‍. നിരോധിത നോട്ടുകള്‍ നേപ്പാളില്‍ എത്തിച്ചുനല്‍കുമ്പോള്‍ അതിനുള്ള പ്രതിഫലവും ഇടനിലക്കാര്‍ക്ക് നല്‍കും.

കടത്തിക്കൊണ്ടുപോയ നോട്ടുകളുടെ മൂല്യം കണ്ടെത്താനുള്ള ശ്രമവും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നടത്തുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. സാധാരണക്കാര്‍ക്ക് പുതിയ കറന്‍സിയുടെ വ്യാജന്‍ നല്‍കിയാണ് പലപ്പോഴും ഇവര്‍ അസാധു നോട്ടുകള്‍ കൈപ്പറ്റുന്നത്. നോട്ട് വ്യാജനാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ കഴിവില്ലാത്തവരെയാണ് ഇവര്‍ പറ്റിക്കുന്നതെന്നും ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

pathram desk 1:
Related Post
Leave a Comment