വിചിത്രമായ ശബ്ദം കേള്‍ക്കും; ദുരൂഹ രോഗം കണ്ടെത്തി; ചൈനയിലെ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക തിരിച്ചുവിളിച്ചു

ബീജിങ്: നമ്മുടെ സംസ്ഥാനത്ത് നിപ്പാ വൈറസ് ബാധയുടെ ആശങ്കയിലാണ് ജനങ്ങള്‍. അതിനിടെ ചൈനയില്‍നിന്ന് പുതിയ ഒരു രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ദുരൂഹ രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ചൈനയിലെ തങ്ങളുടെ സ്ഥാനപതി കാര്യാലയത്തില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ യു.എസ്. തിരിച്ചുവിളിച്ചു. ഗ്വാങ്ഷൂവിലെ കാര്യാലയത്തില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് നിഗൂഢവും വിചിത്രവുമായ ശബ്ദങ്ങള്‍ കേള്‍ക്കുക, വികാരവും സമ്മര്‍ദവും അനുഭവപ്പെടുകയും ചെയ്യുന്നത് കണ്ടതെന്ന് യു.എസ്. ആഭ്യന്തരമന്ത്രാലയം പറഞ്ഞു. വൈദ്യപരിശോധനയില്‍ അസുഖം ബാധിച്ചെന്നുകണ്ടെത്തിയ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളുമടങ്ങുന്ന ഒരു സംഘത്തെ രാജ്യത്തേക്ക് മടക്കിയയച്ചതായും ഔദ്യോഗികവക്താവ് ഹീതര്‍ ന്യൂവര്‍ട്ട് പറഞ്ഞു.

ആദ്യം ഒരു ഉദ്യോഗസ്ഥനാണ് അസുഖബാധ കണ്ടത്. പിന്നീട് മറ്റുചിലരിലേക്കും വ്യാപിച്ചു. കൂടുതല്‍ പരിശോധന നടന്നുവരികയാണെന്നും ഹീതര്‍ ന്യൂവര്‍ട്ട് പറഞ്ഞു. കൂടുതല്‍പേരിലേക്ക് അസുഖം ബാധിക്കാതിരിക്കാനാണ് ഉദ്യോഗസ്ഥരെ രാജ്യത്തേക്ക് മടക്കിയക്കുന്നത്. നേരത്തേ ക്യൂബയില്‍ ഹവാനയിലെ സ്ഥാനപതികാര്യാലയത്തിലെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുഭവപ്പെട്ട രോഗലക്ഷണങ്ങളുമായി ഇതിന് ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

എന്നാല്‍, സംഭവത്തെക്കുറിച്ച് നേരത്തേതന്നെ അന്വേഷണം നടത്തിയിരുന്നതായും തെളിവുകളൊന്നും ലഭിച്ചില്ലെന്നുമാണ് ചൈനീസ് അധികൃതര്‍ പ്രതികരിച്ചത്. മേയ് 23നാണ് ആദ്യം ഇത്തരമൊരു ആരോപണം ഉയര്‍ന്നത്. അതേക്കുറിച്ച് വിശദമായി അന്വേഷിച്ചു. സംശയിക്കത്തക്കതായി ഒന്നുംകണ്ടെത്തിയില്ലെന്നും റിപ്പോര്‍ട്ട് യു.എസ്. അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ചൈനയുടെ വിദേശകാര്യവക്താവ് ഹ്വാ ചുന്‍യിങ് പറഞ്ഞു. പുതിയസംഭവം യു.എസ്. അധികൃതര്‍ ഔദ്യോഗികമായി തങ്ങളെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

pathram:
Leave a Comment