സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ക്ക് നേരെ അശ്ലീല പരാമര്‍ശം നടത്തിയാല്‍ വിവരമറിയും; മൂന്നുവര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ..!

ന്യൂഡല്‍ഹി: നവമാധ്യമങ്ങളില്‍ സ്ത്രീകളെ അപമാനിക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കാനുള്ള നീക്കവുമായി വനിതാ ശിശുക്ഷേമമന്ത്രാലയം. സാമൂഹികമാധ്യമങ്ങളുള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളില്‍ സ്ത്രീകള്‍ക്ക് നേരേ അശ്ലീല ചിത്രീകരണം നടത്തുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും നല്‍കണമെന്നാണ് പുതിയ നിയമ ഭേദഗതി.

അതേസമയം ഇപ്പോള്‍ ഈ നിയമം അച്ചടിമാധ്യമങ്ങള്‍ക്ക് ബാധകമാണ്. നിലവില്‍ അച്ചടി പ്രസിദ്ധീകരണങ്ങളില്‍ അശ്ലീലമായി സ്ത്രീകളെ ചിത്രീകരിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം തടവും 2000 രൂപ പിഴയുമാണ് ശിക്ഷ. പുതിയ നിയമഭേദഗതിയനുസരിച്ച് വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയവയില്‍ സ്ത്രീകളെ അപമാനിക്കുന്ന പോസ്റ്റുകള്‍ ഇടുന്നവരെയും അവ പ്രചരിപ്പിക്കുന്നവരെയും ശിക്ഷാ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതാണ്.

”അച്ചടിമാധ്യമങ്ങളില്‍നിന്ന് വ്യത്യസ്തമായി ഡിജിറ്റല്‍ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ പ്രചരിക്കുന്നത് വളരെ വേഗമാണ്. അതുകൊണ്ടുതന്നെ നിയന്ത്രണം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഭേദഗതിയുടെ കരട് നിയമമന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് ഉടന്‍ അയക്കും”- വനിതാമന്ത്രാലയം സെക്രട്ടറി രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

വിവിധ മാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കുനേരെ നടത്തുന്ന അധിക്ഷേപങ്ങള്‍ക്കെതിരേ പരാതിപ്പെടാന്‍ ദേശീയ വനിതാകമ്മിഷനു കീഴില്‍ ഒരു പുതിയ അതോറിറ്റിക്ക് രൂപം നല്‍കുമെന്നും നിയമഭേദഗതിയുടെ കരടു രൂപത്തില്‍ പറയുന്നുണ്ട്.

1986-ല്‍ കൊണ്ടുവന്ന, സ്ത്രീകളെ സഭ്യമല്ലാത്ത രീതിയില്‍ ചിത്രീകരിക്കല്‍ നിരോധന നിയമത്തില്‍ വരുത്തുന്ന ഭേദഗതിയുടെ കരട് രൂപമാണ് ഇപ്പോള്‍ വനിതാ ശിശു ക്ഷേമ മന്ത്രാലയത്തിന്റെ പരിഗണനയില്‍ ഉള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7