കോഴിക്കോട്: തന്റെ ബൂത്തില്‍ കോണ്‍ഗ്രസ് ഒരിക്കലും പിന്നില്‍ പോയിട്ടില്ലെന്ന കെ.മുരളീധരന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍. ‘നത്തോലി ഒരു ചെറിയ മീനല്ല, ചൊറിച്ചില്‍ ഒരു ചെറിയ രോഗമല്ല’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് മുരളീധരനെതിരെ വാഴക്കന്‍ ആഞ്ഞടിച്ചത്.
രാഷ്ട്രീയത്തില്‍ നേതൃത്വത്തിലിരിക്കുന്നവര്‍ ഉള്ളിലെന്താണെങ്കിലും സംസാരിക്കുമ്പോള്‍ പരസ്പരം ബഹുമാനം പുലര്‍ത്താറുണ്ടെന്നും പക്ഷെ നമ്മുടെ ഒരു നേതാവ് സംസാരിക്കുമ്പോള്‍ ആര്‍ക്കിട്ടെങ്കിലും ചൊറിയണം എന്ന് നിര്‍ബന്ധമുള്ളയാളാണെന്നും മുരളീധരന്റെ പേര് പറയാതെ വാഴക്കന്‍ പറഞ്ഞു.
വാഴക്കന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘നത്തോലി ഒരു ചെറിയ മീനല്ല’
‘ചൊറിച്ചില്‍ ഒരു ചെറിയ രോഗമല്ല’
എന്ത് ചെയ്യാം !
ചിലരുടെ ശീലങ്ങള്‍ നമുക്ക് മാറ്റാനാവില്ല.രാഷ്ട്രീയത്തില്‍ നേതൃത്വത്തിലിരിക്കുന്നവര്‍ ഉള്ളിലെന്താണെങ്കിലും സംസാരിക്കുമ്പോള്‍ പരസ്പരം ബഹുമാനം പുലര്‍ത്താറുണ്ട്. പക്ഷെ നമ്മുടെ ഒരു നേതാവ് സംസാരിക്കുമ്പോള്‍ ആര്‍ക്കിട്ടെങ്കിലും ചൊറിയണം എന്ന് നിര്‍ബന്ധമുള്ളയാളാണ്. പല തവണ ഈ പ്രവണത ശെരിയല്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷെ നന്നാവില്ല. സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മള്‍ നന്നാക്കണമെന്ന് വിചാരിച്ചാല്‍ നടക്കുമോ ? ഇത്തവണ ബൂത്തിലെ റിസല്‍ട്ടായിരുന്നു വിഷയം.തന്റെ ബൂത്ത് ഭദ്രമാണെന്നാണ് ചൊറിച്ചലിന്റെ ഭാഗമായി അവകാശപ്പെട്ടത്.കേരളത്തില്‍ ഒരുപാട് സ്ഥലത്ത് മത്സരിച്ചത് കൊണ്ട് അദ്ധേഹത്തിന്റെ ബൂത്ത് ഏതാണെന്ന് ആര്‍ക്കും നിശ്ചയമില്ല.നമുക്കറിയാവുന്ന ബൂത്തിലൊക്കെ പാര്‍ട്ടിയുടെ സ്ഥിതി ദയനീയമാണ്. ഒരു കാര്യം കൂടി ഓര്‍മിപ്പിക്കുന്നു. സമൂഹ മാധ്യമങ്ങളില്‍ കൂലിയെഴുത്തുകാരെ വച്ച് പാര്‍ട്ടിയെയും നേതാക്കളെയും ചെളി വാരിയെറിയുന്ന പണി നിര്‍ത്തണം.
Leave a Comment