കോഴിക്കോട്: നിപ്പ വൈറസ് അടങ്ങാതെ വ്യാപിക്കുന്നു. രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തലശേരി സ്വദേശിനി റോജയാണ് മരിച്ചത്. എന്നാല്‍ ഇവര്‍ക്ക് നിപ്പയില്ലെന്ന് കഴിഞ്ഞ ദിവസം പരിശോധനയില്‍ തെളിഞ്ഞിരുന്നു.
കോഴിക്കോട് രണ്ടാമത്തെ മരണമാണ് ഇത്തരത്തിലുണ്ടാകുന്നത്. നേരത്തേയും നിപ്പയില്ലെന്ന് പരിശോധന ഫലത്തില്‍ കണ്ടെത്തിയ ആള്‍ മരണപ്പെട്ടിരുന്നു. ഇതോടെ കോഴിക്കോട് നിവാസികള്‍ ആശങ്കയിലാണ്. നിപ്പാ ഭീതിയെത്തുടര്‍ന്ന് വഴിയിലിറങ്ങാന്‍ പോലും ജനം ആശങ്കയിലാണ്.
അതേസമയം, രോഗം സ്ഥിരീകരിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നഴ്‌സിങ് വിദ്യാര്‍ഥിനിയുടെയും മലപ്പുറം സ്വദേശിയായ യുവാവിന്റെയും പുതിയ സാംപിള്‍ പരിശോധനാ ഫലം നെഗറ്റീവാണെന്നു തെളിഞ്ഞത് ആശ്വാസം പകര്‍ന്നു. രോഗമുക്തി സ്ഥിരീകരിക്കാറായിട്ടില്ലെങ്കിലും ഇവരിലെ വൈറസ് ബാധയുടെ അളവുകുറഞ്ഞു. രോഗലക്ഷണങ്ങളില്‍ കുറവുണ്ടെന്നും ഇരുവരും ഭക്ഷണം കഴിച്ചെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത പറഞ്ഞു.
അതേസമയം നിപ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ഓസ്‌ട്രേലിയയില്‍ നിന്ന് മരുന്നെത്തിച്ചു. ഹ്യൂമണ്‍ മോണോക്ലോണ്‍ ആന്റിബോഡി എം 102.4 എന്ന മരുന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിച്ചത്. ഐ.സി.എം.ആറില്‍ നിന്നുള്ള വിദഗ്ദ്ധര്‍ എത്തിയ ശേഷം മാത്രമായിരിക്കും മരുന്ന് ഉപയോഗിക്കുക.
ജപ്പാനില്‍ നിന്ന് ഫാവിപിരാവിര്‍ എന്ന മരുന്ന് കൊണ്ടുവരാനുള്ള ശ്രമവും ആരോഗ്യ വകുപ്പ് നടത്തുന്നുണ്ട്. നിപ്പ ബാധിച്ച രോഗികളുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരെല്ലാം ചികിത്സ തേടാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ ചികിത്സയിലാണ്. 12 പേര്‍ രോഗലക്ഷണങ്ങളുമായി ചികിത്സ തേടി. രോഗികളുമായി അടുത്തിടപഴകിയിട്ടുള്ള 1450 പേര്‍ നിരീക്ഷണത്തിലാണ്.
രോഗം ആദ്യ ഘട്ടത്തില്‍ തന്നെ നിയന്ത്രണവിധേയമായെന്ന കണക്കുകൂട്ടല്‍ തെറ്റിച്ചു കൊണ്ടാണ് രണ്ടാം ഘട്ടത്തിന്റെ വ്യാപനം.
Leave a Comment