‘അവളെ വലിച്ച് വണ്ടിയില്‍ കയറ്റിക്കോ’ നിലത്ത് വീണ നീനുവിനെ ചവിട്ടാനും എസ്.ഐ ആക്രോശിച്ചു; കൂടുതല്‍ വെളിപ്പെടുത്തലുമായി കെവിന്റെ സുഹൃത്ത് അനീഷ്

കോട്ടയം: കെവിന്‍ കൊലപാതകത്തില്‍ എസ്.ഐ ഷിബുവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി സുഹൃത്ത് അനീഷ് രംഗത്ത്. മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റിലാണ് അനീഷിന്റെ വെളിപ്പെടുത്തല്‍. സ്‌റ്റേഷനില്‍ വച്ച് എസ് ഐ എം എസ് ഷിബു കെവിനോടും നീനുവിനോടും മോശമായാണ് പെരുമാറിയതെന്ന് അനീഷ് ആരോപിച്ചു.

കെവിനും നീനുവുമായിട്ടുള്ള വിവാഹം കഴിഞ്ഞതിനു പിന്നാലെ നീനുവിന്റെ മാതാപിതാക്കള്‍ മകളെ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മാതാപിതാക്കളുടെ സാനിധ്യത്തില്‍ കെവിനേയും നീനുവിനേയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തുകയും ചെയ്തു. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷയും രേഖകളും കെവിന്റെ ഒപ്പമുണ്ടായിരുന്ന അനീഷാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൈമാറിയത്. എസ് ഐ വരാന്‍ താമസിക്കുമെന്ന് പറഞ്ഞ ശേഷം കാത്തു നില്‍ക്കാന്‍ ആവശ്യപ്പെട്ടു.

എസ് ഐ വന്നതിനു ശേഷം രേഖകള്‍ കൈമാറിയെങ്കിലും ഇത് നോക്കാനോ, പരിശോധിക്കാനോ അദ്ദേഹം തയ്യാറായില്ലെന്നാണ് അനീഷ് പറയുന്നത്. സ്റ്റേഷനിലേക്ക് എത്തിയ എസ് ഐ കെവിനെ തള്ളിമാറ്റിയ ശേഷം ‘ഇവളെ വലിച്ച് വണ്ടിയില്‍ കയറ്റിക്കോ’ എന്ന് നീനുവിന്റെ അച്ഛനോട് പറയുകയും ചെയ്തു. സ്റ്റേഷനില്‍ നിന്ന് തല്ലിയും വലിച്ചിഴച്ചുമാണ് അച്ഛന്‍ നീനുവിനെ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിനടുത്തേക്ക് കൊണ്ടുപോയത്.

ഇടയ്ക്ക് നിലത്തുവീണ നീനുവിനെ ചവിട്ടാന്‍ എസ് ഐ ആക്രോശിക്കുകയും ചെയ്തു. ചോദ്യം ചെയ്ത തന്നോടും സുഹൃത്തുക്കളോടും ‘മാറി നില്‍ക്ക്, ഇതില്‍ ഇടപെടണ്ട’ എന്നും എസ് ഐ താക്കീതും നല്‍കി. സ്ഥിതിഗതികള്‍ വഷളായതോടെ നാട്ടുകാര്‍ വാഹനങ്ങള്‍ നിര്‍ത്തി ചിത്രങ്ങളും വീഡിയോകളും എടുക്കാന്‍ തുടങ്ങി. ഇതോടെ എസ് ഐ സ്ഥലത്തു നിന്നും വലിയുകയും ചെയ്തതായി അനീഷ് പറയുന്നു. മാതാപിതാക്കളുടെ സാനിധ്യത്തില്‍ കെവിനൊപ്പം പോയാല്‍ മതിയെന്ന് നീനു അറിയിക്കുകയും ചെയ്തു. കെവിനെ കാണാതായ ദിവസം പരാതി പറയാനായി സ്റ്റേഷനിലെത്തിയപ്പോഴും നീനുവിനോടും കെവിന്റെ കുടുംബത്തോടും എസ് ഐ ഇതേ സമീപനം തന്നെയാണ് തുടര്‍ന്നത്.

കെവിന്റെ ബന്ധു അനീഷിനേയും തട്ടിക്കൊണ്ടുപോയ ഇന്നോവ കാറിന്റെ നമ്പരടക്കമാണ് കുംടുംബം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പരാതി നല്‍കിയിട്ടും എസ് ഐ ഷിബു ഇത് സ്വീകരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. വഴിയിലിറക്കിവിട്ട അനീഷ് പത്ത് മണിയോടെ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെത്തി. അനീഷ് സ്റ്റേഷനിലെത്തിയപ്പോള്‍ മുതല്‍ ആക്രമിസംഘത്തിന്റെ ആളുകള്‍ ഇന്നോവ കാറിലും ബൈക്കിലുമായി സ്റ്റേഷന് ചുറ്റും കറങ്ങി നടക്കുകയായിരുന്നു. ഇത് പൊലീസ് സ്റ്റേഷനില്‍ അറിയിച്ചെങ്കിലും പൊലീസ വേണ്ട നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും അനീഷ് പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular