നവവരന്റെ കൊലപാതകം; പ്രതികള്‍ക്ക് ഡിവൈഎഫ്‌ഐ ബന്ധം; സംഘത്തില്‍ 10 പേര്‍; പ്രതികള്‍ രക്ഷപെട്ടത് രാഷ്ട്രീയ ഇടപെടല്‍ മൂലമെന്ന്

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കോട്ടയം സ്വദേശി കെവിന്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളിലൊരാള്‍ കസ്റ്റഡിയിലായി. മറ്റ് പ്രതികള്‍ സംസ്ഥാനം വിട്ടതായും തെങ്കാശിയിലെത്തിയതായി സൂചനയുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു. ഇശാല്‍ എന്നയാളാണ് പിടിയിലായത്. ഇയാള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്നാണ് വിവരം.

കേസില്‍ പ്രതികളായ മറ്റുള്ളവര്‍ക്കും ഡിവൈഎഫ്‌ഐ ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. തട്ടിക്കൊണ്ട് പോയ സംഘത്തിനൊപ്പമുണ്ടായിരുന്ന നിയാസ് എന്നയാള്‍ ഡിവൈഎഫ്‌ഐയുടെ തെന്മല യൂണിറ്റ് ഭാരവാഹിയാണെന്നാണ് വിവരം. കെവിനെ തട്ടിക്കൊണ്ട് പോയ സംഘത്തില്‍ 10 പേരുണ്ടെന്നാണ് പോലീസ് പറയുന്നത്.

പ്രതികളെ സംബന്ധിച്ച് പോലീസിന് വ്യക്തമായ അറിവുണ്ടായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. രാഷ്ട്രീയ ഇടപടലാണ് പോലീസ് നിഷ്‌ക്രിയമായതെന്ന ആരോപണവും ഉണ്ട്. പ്രതികള്‍ ഉപയോഗിച്ച ഇന്നോവ കാര്‍ പോലീസ് തെന്മലയില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.

കെവിന്‍ പി.ജോസഫിന്റെ മരണത്തില്‍ പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവിനെ തന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കാര്യം ചൂണ്ടിക്കാട്ടി കെവിന്റെ ഭാര്യ നീനു ചാക്കോ പരാതി നല്‍കിയെങ്കിലും കോട്ടയം ഗാന്ധിനഗര്‍ പൊലീസ് ഇത് അവഗണിച്ചെന്നാണ് ആരോപണം. പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ഗാന്ധിനഗര്‍ എസ്‌ഐ എം.എസ്. ഷിബുവിനെ ഐജി വിജയ് സാഖറെ സസ്‌പെന്‍ഡ് ചെയ്തു. നടപടി വൈകിച്ചതിനാണ് ശിക്ഷാനടപടി. മാത്രമല്ല, പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം എസ്പി പി.എ. മുഹമ്മദ് റഫീഖിനെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി.

പ്രതികളില്‍നിന്ന് എസ്‌ഐ പണം കൈപ്പറ്റിയെന്ന പരാതി ഡിവൈഎസ്പിയും അന്വേഷിക്കുന്നുണ്ട്. അതിനിടെ, മരിച്ച കെവിന്റെ ബന്ധുക്കള്‍ ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെവിന്റെ വീടു സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ മരണ വിവരമറിഞ്ഞ് കുഴഞ്ഞുവീണ നീനുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കെവിനെ, ഭാര്യ നീനു ചാക്കോയുടെ സഹോദരന്‍ ഷാനു ചാക്കോയുടെ നേതൃത്വത്തില്‍ പത്തംഗ സംഘമെത്തി തട്ടിക്കൊണ്ടുപോയത്. കെവിന്റെ ബന്ധു അനീഷിനെയും സംഘം വാഹനത്തില്‍ കയറ്റി കൊണ്ടുപോയെങ്കിലും മര്‍ദ്ദിച്ചശേഷം റോഡില്‍ ഉപേക്ഷിച്ചു.

രാവിലെ ആറുമണിക്ക് കെവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി പിതാവ് ജോസഫ് ജേക്കബ് ഗാന്ധിനഗര്‍ സ്‌റ്റേഷനിലെത്തിയെങ്കിലും പരാതി സ്വീകരിച്ചില്ല. തട്ടിക്കൊണ്ടുപോയവരോടു എസ്‌ഐ ഫോണില്‍ സംസാരിക്കുകയായിരുന്നെന്നും അവരെത്തിയ ശേഷം ആലോചിക്കാമെന്നും പൊലീസ് പറഞ്ഞതായി ജോസഫ് ആരോപിച്ചു.

ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായെത്തിയ ഭാര്യയോടു പൊലീസ് പറഞ്ഞത് ഇങ്ങനെ: ‘ജില്ലയില്‍ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട്. അതിന്റെ തിരക്കിലാണ്. അതുകഴിഞ്ഞു നോക്കാം.’ പൊലീസിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കെവിന്റെ ഭാര്യ നീനു പൊലീസ് സ്‌റ്റേഷനില്‍ കുത്തിയിരുന്നു. 11 മണിയോടെയാണു നീനു സ്‌റ്റേഷനിലെത്തിയത്. എന്നാല്‍, പൊലീസ് പരാതി വാങ്ങിയില്ല. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ വൈകിട്ട് കേസെടുത്തു. ആക്രമണത്തിനിരയായ അനീഷ് നല്‍കിയ മൊഴി അനുസരിച്ചായിരുന്നു കേസ്.

pathram:
Related Post
Leave a Comment