മുംബൈ: ഐ പി എല്‍ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ചെന്നൈ സൂപ്പര്‍ കിംഗ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. മുംബൈയില്‍ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. അന്‍പത്തിയൊന്‍പത് മത്സരങ്ങള്‍ക്കൊടുവില്‍ കലാശപ്പോരാട്ടത്തിന് നേര്‍ക്കുനേര്‍ വരുന്നത് പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍. ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സും വില്യംസന്റെ സണ്‍റൈസേഴസ് ഹൈദരാബാദും.
പരിചയസമ്പത്താണാണ് ചെന്നൈയുടെ കൈമുതല്‍. ബൗളിംഗ് കരുത്തുമായി ഹൈദരാബാദും. മുന്‍തൂക്കം ചെന്നൈയ്ക്കൊപ്പം. ക്വാളിഫയറില്‍ അടക്കം സീസണില്‍ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ചെന്നൈ ജയിച്ചു. ധോണി, ഡുപ്ലെസി, റായ്ഡു, ബ്രാവോ, റെയ്ന, വാട്സണ്‍ എന്നിവരില്‍ രണ്ടുപേരെങ്കിലും തിളങ്ങിയാല്‍ ചെന്നൈ സുരക്ഷിതരാവും. ബൗളിംഗിലും ബാറ്റിംഗിലും ചെന്നൈ നിര സന്തുലിതം.
വില്യംസണെയും ധവാനെയും അമിതമായി ആശ്രയിക്കുന്നതാണ് ഹൈദരാബാദിന്റെ വെല്ലുവിളി. റഷീദ് ഖാനും ഭുവനേശ്വര്‍ കുമാറും നന്നായി പന്തെറിയുന്നുണ്ടെങ്കിലും കൂടെയുള്ളവര്‍ക്ക് തുടക്കത്തിലേ മികവ് ആവര്‍ത്തിക്കാനാവുന്നില്ല. 170 റണ്‍സിനുമേല്‍ നേടാനാവുന്ന വിക്കറ്റാണ് വാംഖഡേയില്‍ ഒരുക്കിയിരിക്കുന്നത്. ടോസ് നേടുന്നവര്‍ ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. റഷീദ് ഖാന്റെ നാലോവറായിരിക്കും മത്സരത്തിന്റെ ഗതി നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാവുക.
Leave a Comment