വവ്വാല്‍മാങ്ങ കഴിച്ചാല്‍ നിപ്പ വരില്ലെന്ന് ഞാന്‍ പറഞ്ഞില്ലേ? ഇപ്പോ എന്തായി? വീണ്ടും മലക്കം മറിഞ്ഞ് വൈദ്യര്‍ മോഹനന്‍

സംസ്ഥാനം നിപ്പ വൈറസ് ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ പേരാമ്പ്രയില്‍ നിന്ന് ശേഖരിച്ചതെന്ന് അവകാശപ്പെട്ട് പഴങ്ങള്‍ കഴിച്ച് സര്‍ക്കാരിനെയും ആരോഗ്യപ്രവര്‍ത്തകരെയും വെല്ലുവിളിക്കുകയും സര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് മാപ്പു പറയുകയും ചെയ്ത പാരമ്പര്യ ചികില്‍സകന്‍ മോഹനന്‍ വൈദ്യര്‍ വീണ്ടും മലക്കം മറിഞ്ഞു. വീണ്ടും അതേ വെല്ലുവിളിയുമായി രംഗത്ത് വന്നിരിക്കുകയാണ് മോഹനന്‍ വൈദ്യര്‍. വവ്വാലില്‍ നിന്നല്ല നിപ്പ പടര്‍ന്നതെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് മോഹനന്‍ വൈദ്യരുടെ പുതിയ പ്രസ്താവന. വവ്വാല്‍മാങ്ങ കഴിച്ചാല്‍ നിപ്പ വരില്ലെന്ന് പറഞ്ഞില്ലേ? ഇപ്പോ എന്തായി? എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

പേരാമ്പ്രയില്‍ നിപ്പ ബാധിച്ചവരെ സംസ്‌കരിക്കുന്നില്ല, വെള്ളം കുടിക്കില്ല, കുട്ടികളെ സ്‌കൂളില്‍ വിടുന്നില്ല, പഴങ്ങള്‍ കഴിക്കുന്നില്ല. അങ്ങനെ എന്തൊക്കെയാണ് കാണിക്കുന്നത്. ഞാന്‍ നിങ്ങളെ അപ്പോള്‍ സമാധാനിപ്പിച്ചത് കുറ്റമാണോ? വവ്വാല്‍ മാങ്ങ കഴിച്ചതിന് എന്റെ പേരില്‍ ആത്മഹത്യാശ്രമത്തിനുള്ള കേസ് അല്ലേ എടുക്കേണ്ടിയിരുന്നത്? അന്വേഷണം നടത്താതെ ആളുകളുടെ സമാധാനം കളയുകയാണ്. ഞാന്‍ എയിഡ്‌സ് രോഗം ബാധിച്ചവരുടെ രക്തം കുടിച്ചിട്ടുണ്ട്, സ്വയം കുത്തിവെച്ചിട്ടുണ്ട് എനിക്ക് എയിഡ്‌സ് വന്നില്ലല്ലോ? എന്നിങ്ങനെ പോകുന്നു മോഹനന്‍വൈദ്യരുടെ പ്രസ്താവനകള്‍.

കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വിവാദ വിഡിയോയിലെ മോഹനന്‍ വൈദ്യരുടെ അവകാശവാദങ്ങള്‍ ഇങ്ങനെ:

വവ്വാലിന് പനി വരുന്നതെങ്കില്‍ ആദ്യം വവ്വാല്‍ ചാവണമെന്നും എലിക്കാണ് പനി വരുന്നതെങ്കില്‍ ആദ്യം എലി ചാകണമെന്നും മോഹനന്‍ വൈദ്യര്‍ വിഡിയോയില്‍ പറയുന്നു. ഞാന്‍ ഈ പഴങ്ങള്‍ നിങ്ങള്‍ക്കു മുന്‍പില്‍ വച്ചാണ് കഴിക്കുന്നത്. നിപ്പ വൈറസ് ഉണ്ടെങ്കില്‍ ആദ്യം ചാകേണ്ടത് ഞാനാണെന്നും ഈ വൈറസ് ഉണ്ടെങ്കില്‍ ഇന്ന് ഞാന്‍ മരിക്കണമെന്നും മോഹനന്‍ വൈദ്യര്‍ വെല്ലുവിളിക്കുന്നു. എന്റെ രോഗികള്‍ ഈ വൈറസ് ഉണ്ടെന്ന് വിശ്വസിക്കാതിരിക്കാനും ചികിത്സ എടുക്കാതിരിക്കാനുമാണ് താന്‍ ഈ വിഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും മോഹനന്‍ വൈദ്യര്‍ പറയുന്നു.

വിഡിയോക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഉയര്‍ന്നത്. ഇതിന് പിന്നാലെ പാലക്കാട് തൃത്താലയിലെ പൊലീസ് മോഹനന്‍ വൈദ്യര്‍ക്കും ഒപ്പം നുണപ്രചാരണങ്ങള്‍ നടത്തിയ ജേക്കബ് വടക്കഞ്ചേരിക്കും എതിരെ കേസെടുക്കുകയായിരുന്നു. ഈ വിഡിയോയില്‍ ഖേദം പ്രകടിപ്പിച്ച് മോഹനന്‍വൈദ്യര്‍ മാപ്പുപറച്ചില്‍ വിഡിയോയും പോസ്റ്റ് ചെയ്തിരുന്നു.

pathram desk 1:
Related Post
Leave a Comment