‘നിവിന്‍ നിങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ ഇപ്പോഴത്തെ നിലയില്‍ ആകില്ലായിരുന്നു’ നിവിന്‍ പോളിക്ക് നന്ദിയറിയിച്ച് ഗൂതുമോഹന്‍ ദാസ്

നിവിന്‍പോളിയെ നായകനാക്കി ഗീതുമോഹന്‍ദാസ് ഒരുക്കുന്ന ചിത്രം മൂത്തോന്റെ ഷൂട്ടിംഗ് അവസാനിച്ചു. ഇതിന്റെ സന്തോഷം പങ്കുവെച്ച് നിവിന് നന്ദിയറിയിച്ചിരിക്കുകയാണ് സംവിധായക. ‘നിവിന്‍, മൂത്തോന്‍ നിങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ ഇപ്പോഴത്തെ നിലയില്‍ ആകില്ലായിരുന്നു. ടീമിലെ എല്ലാ അംഗങ്ങള്‍ക്കും വേണ്ടി നന്ദി. സഖാവേ സല്യൂട്ട്’ ദേശീയപുരസ്‌കാര ജേതാവായ ഗീതു മോഹന്‍ദാസ് തന്റെ സ്വപ്നപദ്ധതിയായ മൂത്തോന്‍ ചിത്രീകരണം പൂര്‍ത്തിയായതായി അറിയിച്ചുകൊണ്ട് ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റില്‍ നായകന്‍ നിവിന്‍ പോളിക്ക് നന്ദി അറിയിച്ചുകൊണ്ട് കുറിച്ചു.

സിനിമയ്ക്ക് പിന്നിലെ വര്‍ഷങ്ങള്‍ നീണ്ട പ്രയത്നത്തെ കുറിച്ചും ഗീതു കുറിപ്പില്‍ വിവരിക്കുന്നു. തന്റെ ജ്യേഷ്ഠനെ തെരഞ്ഞ് മുംബൈയിലെ ചേരികളിലെത്തുന്ന ലക്ഷ്ദ്വീപുകാരനായ യുവാവിനെയാണ് നിവിന്‍ അവതരിപ്പിക്കുന്നത്. മൂത്തോന്‍ തന്റെ സ്വപ്ന സിനിമയാണെന്ന് നിവിന്‍ പോളി നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. അനുരാഗ് കശ്യപിന്റെ രാമന്‍ രാഘവന്‍2.0 വിലൂടെ ശ്രദ്ധിക്കപ്പെട്ട തെലുങ്ക് നടിയും മുന്‍ മിസ് ഇന്ത്യയുമായ ഷോഭിത ധുലിപാല ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മുംബൈയിലെ കാമാത്തിപ്പുരയിലെ റോസി എന്ന കഥാപാത്രത്തെയാണ് അവര്‍ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തന്‍, ശശാങ്ക് അറോറ, റോഷന്‍ മാത്യു തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നു. ഗീതു മോഹന്‍ദാസിന്റെ ജീവിതപങ്കാളിയും പ്രമുഖ ഛായാഗ്രാഹകനുമായ രാജീവ് രവിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.

pathram desk 1:
Related Post
Leave a Comment