ബംഗളൂരു: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ ബി.ജെ.പി മുഖ്യമന്ത്രിയായി യെദ്യൂരപ്പ അധികാരമേറ്റതിന് പിന്നാലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ പരസ്യപ്രതിഷേധത്തിലേക്ക്. ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ നിന്നും ഇരുപാര്‍ട്ടികളിലേയും മുഴുവന്‍ എം.എല്‍.എമാരേയും വഹിച്ചുകൊണ്ടുള്ള വാഹനം വിധാന്‍ സൗധ(കര്‍ണാടക അസംബ്ലി)യിലേക്ക് പുറപ്പെട്ടു. കര്‍ണാടക അസംബ്ലിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്താനാണ് എം.എല്‍.എമാരുടെ തീരുമാനം. കര്‍ണാടക വിധാന്‍ സൗധയിലെ ഗാന്ധി പ്രതിമക്കുമുമ്പില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ധര്‍ണ നടത്തുമെന്ന് ഇന്നലെ തന്നെ അറിയിച്ചിരുന്നു.
അതേസമയം ഇന്ത്യയിലെ ഭരണഘടന പരിഹസിക്കപ്പെടുകയാണെന്നും ബി.ജെ.പി വിജയം ആഘോഷിക്കുമ്പോള്‍ ജനാധിപത്യം തോല്‍ക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. 104 എം.എല്‍.എമാരുടെയും ഒരു സ്വതന്ത്ര എം.എല്‍.എയുടെയും പിന്തുണയാണ് ബി.ജെ.പിക്കുള്ളത്. 222 അംഗ നിയമസഭയില്‍ 113 സീറ്റാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ബി.ജെ.പിക്കു വേണ്ടത്.
രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ ബിജെപി മുഖ്യമന്ത്രിയായി ബി.എസ്. യെദ്യൂരപ്പ ഇന്ന് രാവിലെയാണ് അധികാരമേറ്റത്. രാവിലെ ഒന്‍പതിന് രാജ്ഭവനിലായിരുന്നു ചടങ്ങ്. യെദ്യൂരപ്പ മാത്രമേ ഇന്നു സത്യപ്രതിജ്ഞ ചെയ്തുള്ളൂ.
15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ രാത്രി വൈകി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചത് കോണ്‍ഗ്രസിനു തിരിച്ചടിയായി.
Leave a Comment