കര്‍ണാടക തെരഞ്ഞെടുപ്പ്: ബിജെപിക്ക് വീണ്ടും തിരിച്ചടി

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിക്ക് തിരിച്ചടി. കര്‍ണാടകയില്‍ 135 സീറ്റുകള്‍ നേട് ബിജെപി അധികാരത്തിലെത്തുമെന്ന് ബിബിസി നടത്തിയ സര്‍വേ ഫലം എന്നതായിരുന്നു ബിബിസിയുടെ പേരില്‍ വ്യാജ വാര്‍ത്തയുണ്ടാക്കി ബിജെപി പ്രചരിപ്പിച്ചിരുന്നത്. ഇത്തരത്തില്‍ യാതൊരു സര്‍വേയും നടത്തിയിട്ടില്ലെന്നും ചാനലിന്റെ പേരില്‍ അസത്യ പ്രചാരണമാണു നടക്കുന്നതെന്നും ബിബിസി ട്വീറ്റ് ചെയ്തു. ഇതോടെ നാണം കെട്ട ബിജെപി പ്രതിരോധത്തിലായി.

ഫെയ്സ്ബുക്ക്, വാട്സാപ്പ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ ഇത് വ്യാപകമായി ഷെയര്‍ ചെയ്ത പശ്ചാത്തലത്തിലാണ് ബിബിസിയുടെ ഔദ്യോഗീക വിശദീകരണം. ഇന്ത്യയില്‍ തങ്ങള്‍ ഒരു തിരഞ്ഞെടുപ്പിലും അഭിപ്രായ സര്‍വ്വേ നടത്താറില്ലെന്നും തങ്ങളുടെ പേരില്‍ ബിജെപി നടത്തുന്ന പ്രചരണം വ്യാജമാണെന്നും ബിബിസി ഔദ്യോഗികമായി അറിയിച്ചു.

ജനതാ കീ ബാത് സര്‍വേ കര്‍ണാടകയില്‍ ബിജെപിക്കു മികച്ച വിജയം പ്രവചിക്കുന്നു എന്ന തലക്കെട്ടോടെയാണു പ്രചാരണം. 10.2 ലക്ഷം വോട്ടര്‍മാരില്‍ നടത്തിയ സര്‍വേ പ്രകാരം ബിജെപി 135 സീറ്റുകളോടെ ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നുമാണു പ്രവചനം. ജനതാള്‍ എസ് (ജെഡിഎസ്) 45 സീറ്റ് നേടുമ്പോള്‍ കോണ്‍ഗ്രസിന് 35 സീറ്റ് മാത്രം. മറ്റുളളവര്‍ക്ക് 19 സീറ്റ് ലഭിക്കുമെന്നും സര്‍വേയില്‍ പറയുന്നു. ബിബിസിയുടെ സര്‍വേ ആണെന്നു കരുതി സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണമാണു ലഭിക്കുന്നത്. രാജ്യാന്തര മാധ്യമത്തിന്റെ പ്രവചനം എന്ന രീതിയില്‍ ബിജെപി ക്യാംപ് കൂടുതല്‍ ആളുകളിലേക്കു സന്ദേശം പ്രചരിപ്പിച്ചു കൊണ്ടിരിക്കേയാണു ബിബിസിയുടെ ഇടപെടല്‍.

എന്നാല്‍ കര്‍ണാടക കോണ്‍ഗ്രസ് പിടിയ്ക്കുമെന്ന് കഴിഞ്ഞ മാസം ബിജെപി നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. തങ്ങളുടെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട സംസ്ഥാനം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിന്റെ ഭാഗമായാണ് ബിജെപി സര്‍വേ നടത്തിയത്. 224 അംഗ സഭയില്‍ 100 സീറ്റില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍.

അതേസമയം കര്‍ണാടകയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു കഴിയുമ്പോള്‍ കോണ്‍ഗ്രസ് വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നുവെന്ന കുറ്റം പറയുമെന്ന് നരേന്ദ്ര മോദി പരിഹാസിച്ചു. കര്‍ണാടകത്തിലെ കര്‍ഷകര്‍ക്കായി എന്താണ് കോണ്‍ഗ്രസ് ചെയ്തത്. സംസ്ഥാനം വരള്‍ച്ചയില്‍ ബുദ്ധിമുട്ടുമ്പോള്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരെല്ലാം ഡല്‍ഹിയില്‍ രാഷ് ട്രീയം കളിക്കുകയായിരുന്നു. കര്‍ണാടകത്തിലെ മന്ത്രിമാരില്‍ അഴിമതി ആരോപണം നേരിടാത്ത ഒരു മന്ത്രിയുടെ പേരെങ്കിലും പറയാന്‍ കഴിയുമോ-മോദി ചോദിച്ചു.

കരാറുകാരും ജലസേചന മന്ത്രിയുമായുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. കര്‍ണാടക സമൂഹത്തെ പുരോഗതിയിലേക്ക് ഒത്തൊരുമയോടെ നയിച്ചതില്‍ സന്യാസിമാരും ഋഷിമാരും മഠങ്ങളും വലിയ പങ്കുവച്ചുവെന്നും മോദി അഭിപ്രായപ്പെട്ടു.

pathram:
Related Post
Leave a Comment