പിണറായി നീറ്റ് പരീക്ഷ വളരെ ‘നീറ്റാ’ക്കി, അമ്മ മെഗാ ഷോയില്‍ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് സൂര്യ

കൊച്ചി:തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് നീറ്റ് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞു. കേരളത്തിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കിയതിനാലാണ് സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അഭിനന്ദന പ്രവാഹമെത്തിയത്.

വാട്സാപ്പ് സന്ദേശങ്ങളിലൂടെയും എസ്എംഎസുകളിലൂടെയും പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇന്നലെ നടന്ന നീറ്റ് പരീക്ഷയ്ക്കായി സംസ്ഥാനത്ത് എത്തുന്നവര്‍ക്ക് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും ഒരുക്കി കൊടുക്കണമെന്ന് മുഖ്യമന്ത്രി അതാത് ജില്ലകളിലെ കലക്ടര്‍മാര്‍ക്കും പൊലീസ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേ തുടര്‍ന്നാണ് പ്രത്യേക ഹെല്‍പ് ഡെസ്‌കുകള്‍ തുറന്ന് പ്രവര്‍ത്തിച്ചത്. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് വലിയ സഹായമായി.

സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവരും ദൂരെയുള്ള ജില്ലകളില്‍ പരീക്ഷയ്ക്കായി എത്തിയവരും ഹെല്‍പ് ഡെസ്‌ക്കുകളുടെ സഹായത്തോടെ ബുദ്ധിമുട്ടില്ലാതെ പരീക്ഷാ കേന്ദ്രങ്ങളിലെത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഹെല്‍പ് ഡെസ്‌കുകളില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പരുകളിലേക്കാണ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നന്ദി അറിയിച്ച് സന്ദേശങ്ങള്‍ പ്രവഹിച്ചത്. തമിഴ്നാട്ടിലെ മാധ്യമങ്ങളിലും സംസ്ഥാന സര്‍ക്കാരിനെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു.

താരസംഘടനയായ അമ്മ നടത്തിയ ‘അമ്മമഴവില്ല്’ എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ തമിഴ് നടന്‍ സൂര്യയും മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചും സംസ്ഥാന സര്‍ക്കാരിനെ കുറിച്ചും പൊതുവേദിയില്‍ പരാമര്‍ശിച്ചു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ സഹായങ്ങള്‍ക്ക് നടന്‍ സൂര്യ നന്ദി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഭരണവും പിണറായി വിജയന്റെ നേതൃത്വവും ഏറെ മികച്ചതാണെന്ന് സൂര്യ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment