ആനകളെ പീഡിപ്പിക്കുന്നവരെ ഇനി ‘ചങ്ങലയ്ക്കിടും’; നിയമങ്ങള്‍ കര്‍ശനമാക്കി

തിരുവനന്തപുരം: നാട്ടാന പരിപാലന നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വനം ഉദ്യോഗസ്ഥര്‍ക്കു പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ 12 ഇന നിര്‍ദേശം. പരിപാലനത്തിലെ വീഴ്ചമൂലം കഴിഞ്ഞ വര്‍ഷം 13 നാട്ടാനകള്‍ ചരിഞ്ഞെന്ന വനംവകുപ്പിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. ആനകളുടെ കുത്തേറ്റ് ഏഴുപേര്‍ മരിക്കുകയും ചെയ്തു. ആനകളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പില്‍ കേസെടുക്കാന്‍ അധികാരം നല്‍കുന്ന നിബന്ധനകള്‍ ആന ഉടമകള്‍ക്കും ഉത്സവ കമ്മിറ്റികള്‍ക്കും കൂച്ചുവിലങ്ങാകും.

പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്…

ഓരോ ജില്ലയിലും അമിതമായി ജോലിയെടുപ്പിക്കുന്ന ആനകളുടെ പട്ടിക തയാറാക്കി നിരീക്ഷിക്കണം. യാത്രാരേഖകള്‍ പരിശോധിക്കണം. മദപ്പാടുള്ള ആനകള്‍ക്കു വിശ്രമം ഉറപ്പാക്കണം. ഉത്സവക്കാലത്തിനു മുന്‍പും പിന്‍പും നാട്ടാന പരിപാലന സമിതി യോഗം ചേര്‍ന്ന് ആനകളെ പരിശോധിക്കണം. ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവകമ്മിറ്റികള്‍ വനംവകുപ്പു സമിതിയില്‍ റജിസ്റ്റര്‍ ചെയ്യണം. പോരായ്മ കണ്ടെത്തിയാല്‍ ആനയെ പിടിച്ചെടുക്കും.

ഉത്സവത്തിനായി ആനകളെ കൊണ്ടുപോകുന്നതിനു നാലുതല പരിശോധന. നിയമലംഘനം കണ്ടെത്തിയാല്‍ 30 ദിവസത്തിനുള്ളില്‍ കുറ്റം ചുമത്തും. ജില്ലാ കമ്മിറ്റികള്‍ വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും കൂടുന്നുണ്ടെന്ന് ഉറപ്പാക്കണം. നിയമലംഘനം ആവര്‍ത്തിച്ചാല്‍ ആനയെ പിടിച്ചെടുക്കാം.

pathram:
Related Post
Leave a Comment