‘ഞാനൊരു കറ കളഞ്ഞ ബി.ജെ.പിക്കാരനാണ്, ആര്‍.എസ്.എസിനെ മനസില്‍ വച്ച് പൂജിക്കുന്ന സംഘി’: രാജസേനന്‍

തിരുവവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് സിനിമ പ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ച സംഭവത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ സംവിധായകന്‍ രാജസേനന്‍. പുരസ്‌കാരങ്ങള്‍ വേണ്ടന്ന് വച്ചത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് രാജസേനന്‍ ആരോപിച്ചു. ഫേസ്ബുക്ക് ലൈവിലായിരുന്നു രാജസേനന്റെ പ്രതികരണം.

ചില രാഷ്ട്രീയ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ് അവാര്‍ഡ് വേണ്ടന്ന് വച്ചത്. ഇവരൊന്നും സ്വയം വളര്‍ന്നുവന്നവരല്ല. ഇവരെയൊക്കെ വളര്‍ത്തി വിടുന്ന നിരവധി പേരുണ്ട്. സിനിമയ്ക്ക് വേണ്ടി പണം മുടക്കുന്ന നിര്‍മ്മാതാക്കളുണ്ട്. കഴിവുള്ള സംവിധായകരും തിരക്കഥാകൃത്തുക്കളുമുണ്ട്. ഇവരുടെ സിനിമ കണ്ട് തീയറ്ററില്‍ കയറി കയ്യടിക്കുന്ന പൊതുജനമുണ്ട്. ഇവരെയൊക്കെ കഴുതകളാക്കിയിട്ട് കിട്ടുന്ന പുരസ്‌കാരം വേണ്ടന്ന് വയ്ക്കുന്നത് വെറും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നും രാജസേനന്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

ദാസേട്ടനും ജയരാജും അവാര്‍ഡ് സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. നമ്മുടെ മാനം കാത്തതില്‍ അവരെ അഭിനന്ദിക്കുന്നുവെന്നും രാജസേനന്‍ പറഞ്ഞു. ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ ആര്‍ക്കും സ്വാധീനിച്ച് ഒന്നും നേടാന്‍ പറ്റുന്ന സര്‍ക്കാരല്ല. അങ്ങനെ പേടിപ്പിച്ച് നിര്‍ത്താന്‍ പറ്റുന്ന മന്ത്രിമാരുമല്ല. പുരസ്‌കാരം സ്വീകരിക്കാത്തവര്‍ക്ക് അത് നഷ്ടമായെന്ന് കരുതിയാല്‍ മതി. അവര്‍ക്ക് അതിന്റെ നഷ്ടം പിന്നീട് മനസിലാകുമെന്നും രാജസേനന്‍ പറഞ്ഞു.

അതേസമയം തന്റെ ഫേസ്ബുര്ര് ലൈവിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രാജസേനന്‍ വീണ്ടും രംഗത്ത് വന്നു. ഫഹദ് ഫാസില്‍ അവാര്‍ഡ് നിരസിച്ചത് കൊണ്ടാണ് താന്‍ വിമര്‍ശിച്ചതെന്ന് ചിലര്‍ ആരോപിച്ചു. എന്നാല്‍ അവാര്‍ഡ് നിരസിച്ചതില്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളുമെല്ലാമുണ്ട്. അതിനാല്‍ വിമര്‍ശനത്തെ അങ്ങനെ കാണേണ്ടതില്ല. മാത്രമല്ല ഫഹദ് തന്റെ ഇഷ്ടനടനാണെന്നും രാജസേനന്‍ തന്റെ പുതിയ വീഡിയോയില്‍ പറഞ്ഞു.

ഏത് കാര്യത്തിലും രാഷ്ട്രീയവും മതവും നോക്കുന്ന ആളാണ് താനെങ്കില്‍ താനുമൊരു കമ്മ്യൂണിസ്റ്റുകാരനോ കോണ്‍ഗ്രസുകാരനോ ആവണമായിരുന്നു. ഞാന്‍ ഇതു രണ്ടുമല്ല. ഞാനൊരു കറ കളഞ്ഞ ബി.ജെ.പിക്കാരനാണ്. ആര്‍.എസ്.എസിനെ മനസില്‍ വച്ച് പൂജിക്കുന്ന സംഘി. നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ സംഘി. അതുകൊണ്ട് എന്നെ അങ്ങനെ തരംതാഴ്ത്താന്‍ ശ്രമിക്കണ്ട-രാജസേനന്‍ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment