മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ സതീശനുമായി മുപ്പതു വര്‍ഷമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് പി ശശി

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പേരു പറഞ്ഞു സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ പി സതീശനെ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡില്‍ വിട്ടിരിക്കുന്നത്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.പഞ്ചായത്ത് വകുപ്പില്‍ ജോലി ചെയ്യവെ മരിച്ച ഭര്‍ത്താവിന്റെ ആശ്രിത നിയമന ഉത്തരവ് ശരിയാക്കിത്തരാമെന്നു പറഞ്ഞ് പണം തട്ടിയെന്ന കോഴിക്കോട് ഫറോക്ക് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് സതീശനെ പൊലിസ് അറസ്റ്റ് ചെയ്തത്.

ഇപ്രകാരം പാര്‍ട്ടി ഫണ്ടിലേക്കെന്ന് പറഞ്ഞ് പല തവണകളായി സതീശന്‍ പണം കൈക്കലാക്കിയിരുന്നു. വിശ്വാസ്യതക്കായി രണ്ട് ലക്ഷത്തിന്റെ ചെക്കും സതീശന്‍ നല്‍കിയിരുന്നു. എന്നാല്‍ പണം കൈപ്പറ്റിയിട്ടും നിയമനം സംബന്ധിച്ചു പിന്നീട് യാതൊരു വിവരവും സതീശന്‍ അറിയിച്ചില്ല. തുടര്‍ന്നാണ് ഇവര്‍ പൊലിസില്‍ പരാതി നല്‍കിയത്.

അതേസമയം കഴിഞ്ഞ മുപ്പതു വര്‍ഷമായി സതീശനുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ശശി അറിയിച്ചു. ഇത്തരം ചില നടപടി ദൂഷ്യങ്ങളെ തുടര്‍ന്ന് ബന്ധം വിഛേദിച്ചതാണ്. വിവാഹത്തില്‍ പോലും ഞങ്ങളാരും പങ്കെടുത്തിട്ടില്ല. സതീശന്‍ ഇപ്പോള്‍ എവിടെയാണ് താമസമെന്നും അറിയില്ല. അയാള്‍ ഏതു കേസില്‍പ്പെട്ടാലും അത് തന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്നും പി ശശി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് പി.ശശിയുടെ സഹോദരന്‍ പി സതീശനെ പൊലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ആശ്രിത നിയമനത്തിന്റെ പേരില്‍ പി.സതീശന്‍ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

pathram desk 2:
Related Post
Leave a Comment