സഹപ്രവര്‍ത്തകയെ അപമാനിച്ച പ്രമുഖ സീരിയല്‍ തിരക്കഥാകൃത്തും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ ലതീഷ് കുമാറിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സഹപ്രവര്‍ത്തകയെ അപമാനിച്ചതിന് പ്രമുഖ സീരിയല്‍ തിരക്കഥാകൃത്തും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ ലതീഷ് കുമാറിനെ സസ്പെന്‍ഡു ചെയ്തു. മലയാളത്തിലെ ഏറ്റവും സൂപ്പര്‍ ഹിറ്റായ ‘സ്ത്രീ ഹൃദയം’ എന്ന സീരിയലിന് തിരക്കഥയെഴുതിയത് ലതീഷാണ്. വനം വകുപ്പ് ആസ്ഥാനത്തെ വര്‍ക്കിങ് പ്ളാന്‍ റിസര്‍ച്ച വിംഗിലാണ് ലതീഷ്‌കുമാര്‍ ജോലി നോക്കുന്നത്.

കേരള യൂണിവേഴ്സിറ്റി മുന്‍ രജിസ്റ്റാറുടെ മകനായ ലതീഷിനെതിരെ നേരത്തെയും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരിന്നു. എന്നാല്‍ സഹപ്രവര്‍ത്തക രേഖാമൂലം പരാതി നല്‍കിയതോടെയാണ് ലതീഷിനെ സസ്‌പെന്‍ഡ് ചെയ്തത്. സഹ പ്രവര്‍ത്തകയായ യുവതിയെ നിരന്തരം അപമാനിച്ച ഇദ്ദേഹം അവര്‍ക്കെതിരെ ഇല്ലാകഥകള്‍ കൂടി പ്രചരിപ്പിച്ചിരുന്നു.

ലതീഷിന്റെ മാനസിക പീഡനത്തില്‍ മനം നൊന്ത് പലപ്പോഴും ഓഫീസില്‍ ഇരുന്ന് കരയുന്ന യുവതിയെ സഹപ്രവര്‍ത്തകര്‍ ആണ് സമാധാനിപ്പിച്ച് വിട്ടിരുന്നത്. ചില ജീവനക്കാര്‍ ലതീഷിനെ വിലക്കിയപ്പോള്‍ അവരെയും പ്രതികൂട്ടിലാക്കാനാണ് ഇയാള്‍ ശ്രമിച്ചത്. കഴിഞ്ഞ ആഴ്ചയിലും യുവതിയെ അപമാനിച്ച് ലതീഷ് സംസാരിച്ചു.

വല്ലപ്പോഴുമാണ് ലതീഷ് ഓഫീസില്‍ എത്തിയിരുന്നതെങ്കിലും വരുന്ന ദിവസങ്ങളില്‍ ഈ യുവതിയെ തിരഞ്ഞു പിടിച്ച് കളിയാക്കുക, അപമാനിക്കുക, ഒരു സ്ത്രീയോടു പറയാന്‍ പാടില്ലാത്തത് പറയുക, മോശക്കാരിയാക്കി ചിത്രീകരിക്കുക ഇതായിരുന്നു പ്രധാന വിനോദം. എന്നാല്‍ അപമാനിക്കപ്പെട്ട യുവതി സഹപ്രവര്‍ത്തകരുടെ പിന്തുണയോടെ കാര്യങ്ങള്‍ വിവരിച്ച് വകുപ്പ് മേധാവിക്ക് പരാതി നല്‍കി.

വനം വകുപ്പ് ആസ്ഥാനത്തെ വനിത ഓഫീസ് അസിസ്റ്റന്റിന്റെ കൈവശം സമിതി കഴിഞ്ഞ തിങ്കളാഴ്ച തന്നെ ലതീഷിനുള്ള നോട്ടീസ് കൊടുത്തു വിടുകയും ചെയ്തു. നോട്ടീസുമായി എത്തിയ വനിത ഓഫീസ് അസിസ്റ്റന്റിനെ അപമാനിച്ച് അയച്ച ലതീഷ് നോട്ടീസ് കൈപറ്റിയില്ല, പകരം ഭീക്ഷണി മുഴക്കുകയും ചെയ്തു. നോട്ടീസും കൊടുക്കാനാവാതെ കരഞ്ഞു കണ്ണീര്‍ വാര്‍ത്തു വന്ന ഓഫീസ് അസിസ്റ്റന്റിനെ സമിതി അംഗങ്ങളായ ചില ഉദ്യോഗസ്ഥര്‍ തന്നെ വകുപ്പ് മേധാവിക്ക് മുന്നിലെത്തിച്ചു, കാര്യങ്ങള്‍ വിശദമായി കേട്ട അഡീഷണല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അമിത് മല്ലിക് ഉടന്‍ തന്നെ ലതീഷിനെ സസ്പെന്‍ഡുചെയ്തു കൊണ്ട് ഉത്തരവിടുകയായിരുന്നു.

എന്നാല്‍ വനിതാ സഹ പ്രവര്‍ത്തകയുടെ പരാതി അധികൃതര്‍ ഇതുവരെ പൊലീസിന് കൈമാറിയിട്ടില്ല. ഭരണപക്ഷ യൂണിയന്റെ സമ്മര്‍ദ്ദവും ലതീഷിന്റെ സ്വാധീനവും കൊണ്ടാണ് പരാതി പൊലീസിന് കൈമാറാത്തതെന്ന് അറിയുന്നു. ലതീഷിന് വീണ്ടു നോട്ടീസ് നല്‍കുമെന്നും വിശദീകരണം കേട്ട ശേഷം തുടര്‍നടപടി ഉണ്ടാകുമെന്നും അമിത് മാലിക് ഐ എഫ് എസിന്റെ ഓഫീസ് അറിയിച്ചു

pathram desk 1:
Leave a Comment