കടക്കാരെ ഭയന്ന് പുറകിലെ മതില്‍ ചാടി വീടിന്റെ അടുക്കള വാതിലൂടെയാണ് അകത്ത് കടന്നിരുന്നത്… പലരാത്രികളിലും കോട്ടമൈതാനത്തിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്; ശ്രീകുമാര്‍ മേനോന്‍

എംടിയുടെ രണ്ടാമൂഴം സിനിമയാക്കുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ ലോകം. പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് രണ്ടാമൂഴം വെള്ളിത്തിരയില്‍ എത്തിക്കാനൊരുങ്ങുന്നത്. ശ്രീകുമാര്‍ മേനോന്‍ ഒരു ചാനല്‍ പരിപാടിക്കു നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയിരിക്കുന്നത്. ജീവിതത്തില്‍ എന്തു പ്രതിസന്ധികള്‍ വന്നാലും അതു തരണം ചെയ്യാനുള്ള ഊര്‍ജം തനിക്കു ഭുതകാലത്തില്‍ നിന്നാണു ലഭിച്ചത് എന്ന് ശ്രീകുമര്‍ മേനോന്‍ പറഞ്ഞു.

ഭയപ്പെട്ടാണ് ഞാന്‍ ഒരു പതിനാല് കൊല്ലം ജീവിച്ചത്. ഞാന്‍ കാരണം ദുഖിക്കുന്ന എന്റെ കുടുംബത്തിന്റെ ഗതിയോര്‍ത്തായിരുന്നു അത്. എന്നെ വിശ്വസിച്ച് വിവാഹം കഴിച്ച എന്റെ ഭാര്യ, ഞങ്ങളുടെ ചെറിയ കുഞ്ഞ്, ആരുടെയും മുന്‍പില്‍ തലകുനിക്കാതെ ജീവിച്ച അച്ഛന്റെയും അമ്മയുടെയും അവസ്ഥ എല്ലാം ഓര്‍ത്ത് ഭയമായിരുന്നു.

കടബാധ്യതയില്‍ നിന്ന് പുറത്ത് കടക്കാന്‍ ഞാന്‍ വീണ്ടും കടംവാങ്ങി. കടക്കാരെ പേടിച്ച് എന്റെ വീടിന് പുറകിലുള്ള വീട്ടില്‍ ബൈക്ക് വച്ച് മതിലുചാടി അടുക്കള വാതിലിലൂടെയാണ് ഞാന്‍ മാസങ്ങളോളം വീട്ടിലേക്ക് കയറിയത്. കടക്കാര്‍ വീട്ടില്‍ വരുമായിരുന്നു. ഭയം ഒരു ഘട്ടത്തില്‍ ധൈര്യമായി മാറി. ജീവിതത്തില്‍ വാശി തോന്നി.

എനിക്ക് മറ്റുള്ളവര്‍ക്ക് മുന്‍പില്‍ പലതും തെളിയിക്കണമായിരുന്നു എന്നോടും. എത്രയോ രാത്രികളില്‍ ഞാന്‍ പാലക്കാട് കോട്ടമൈതാനത്ത് ഇരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്. ഒരുപാട് കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി ആത്മവിശ്വാസം ലഭിക്കാന്‍ ആരെയും ആശ്രയിച്ചിട്ട് കാര്യമില്ല. അങ്ങനെയാണ് ആത്മീയതയിലേക്ക് കടക്കുന്നത്.

കോളേജില്‍ പഠിക്കുന്ന കാലത്ത് കമ്മ്യൂണിസവും എസ്.എഫ്.ഐയും എന്റെ തലയ്ക്കു പിടിച്ചിരുന്നു. പക്ഷേ ഞാന്‍ ദൈവ നിഷേധി ആയിരുന്നില്ല. ആത്മീയതയാണ് എന്റെ ലക്ഷ്യങ്ങളിലേക്ക് മുന്നേറാന്‍ എന്നെ സഹായിച്ചത്. ദൈവം തന്നെ ധൈര്യമാണ് എന്നെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയത്. ഒരു ഉത്സവപിരിവിന് പോയപ്പോഴാണ് ഞാന്‍ കല്യാണ്‍ സാമിയെ ആദ്യമായി കാണുന്നത്. അത് എന്റെ ജീവിതം മാറ്റിമറിച്ചു എന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

pathram desk 1:
Related Post
Leave a Comment