കൊച്ചിയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു!!! കൊലപാതകത്തിലേക്ക് നയിച്ചത് വഴിവിട്ട ബന്ധം

കൊച്ചി: കൊച്ചി ഇടപ്പള്ളിയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം കാണപ്പെട്ടത്. സംഭവം നടന്നത് രാത്രി വൈകിയായതിനാല്‍ ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും ഇന്ന് നടക്കും.

ഇടപ്പള്ളി പോണേക്കരയിലെ വീടിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തിരുവല്ല സ്വദേശി മീര, പാലക്കാട് സ്വദേശി നൗഫല്‍ എന്നിവരാണ് മരിച്ചത്. ഇവരെക്കുറിച്ച് പോലീസ് പ്രാഥമികമായി അന്വേഷിച്ചറിഞ്ഞ വിവരങ്ങള്‍ ഇങ്ങനെയാണ്.

ഏറെ നാളായി അടുപ്പത്തിലായിരുന്ന മീരയും നൗഫലും വിവാഹിതരല്ലെങ്കിലും പോണേക്കരയില്‍ വീട് വാടകയ്‌ക്കെടുത്ത് ഒരുമിച്ചാണ് താമസിച്ചിരുന്നത്. എന്നാല്‍ വിവാഹിതയായിരുന്ന മീരയ്ക്ക് ഒരു മകളുണ്ട്. കൂടാതെ മറ്റൊരാളുമായി മീരയ്ക്ക് വഴിവിട്ട ബന്ധം ഉണ്ടെന്ന് നൗഫല്‍ സംശയിച്ചിരുന്നു.

ഇക്കാര്യം പറഞ്ഞ് ഇവര്‍ പരസ്പരം വഴക്കിടാറുണ്ട്. അത്തരത്തിലുള്ള കലഹം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. മീരയെ കൊലപ്പെടുത്തിയ ശേഷം താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് സുഹൃത്തുക്കളെ വിളിച്ചറിയിച്ച ശേഷം നൗഫല്‍ തൂങ്ങി മരിക്കുകയായിരുന്നു.

സുഹൃത്തുക്കള്‍ അറിയിച്ചതനുസരിച്ചാണ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയത്. സംഭവം രാത്രി വൈകിയായതിനാല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയിട്ടില്ല. കൊലപാതകത്തെക്കുറിച്ചും ആത്മഹത്യയെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

pathram desk 1:
Related Post
Leave a Comment