തീക്കട്ടയിലും ഉറുമ്പരിക്കുന്നു!!! ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ പെണ്‍കുട്ടിയ്ക്ക് നേരെ ഗുണ്ടാ ആക്രമണം

ആഗ്ര: ധീരതക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നാസിയ ഖാന്‍ എന്ന 18കാരിയ്ക്ക് നേരെ ഗുണ്ടകളുടെ ആക്രമണം. വെള്ളിയാഴ്ച താജ്ഗുഞ്ചില്‍ ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിനിടെയാണ് നാസിയ ഖാന് ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ മാസം ആഗ്രയില്‍ സ്പെഷ്യല്‍ പൊലീസ് ഓഫീസറായി നാസിയ ഖാനെ ഉത്തര്‍പ്രദേശ് ഡിജിപി ഒപി സിംഗ് നിയമിച്ചിരുന്നു.

താജ്ഗഞ്ച് പ്രദേശത്ത് തന്റെ കുടുംബത്തിന്റെ പേരിലുള്ള സ്ഥലത്ത് നടക്കുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ നാസിയ ഖാന്‍ ആഗ്ര അഡീഷണല്‍ ജില്ല മജിസ്ട്രേറ്റിന്റെ അടുത്തേക്ക് പോയിരുന്നു. അവിടെ നിന്ന് എഡിഎമ്മിന്റെ നിര്‍ദേശപ്രകാരം തര്‍ക്കം നടക്കുന്ന സ്ഥലത്തേക്ക് പോയി. അവിടെ എത്തിയ ഉടന്‍ തന്നെ ഏതാനും ഗുണ്ടകള്‍ ചേര്‍ന്ന് നാസിയ ഖാനെയും സഹോദരനെയും ഇരുമ്പ് വടികൊണ്ട് അക്രമിക്കുകയായിരുന്നു. ഉടന്‍ പൊലീസ് സ്ഥലത്തെത്തുകയും ഇരുവരെയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

നാസിയയുടെ പരാതിയില്‍ കേസെടുക്കുകയും അന്വേഷണം ആരംഭിച്ചതായും എസ്പി കുന്‍വാര്‍ അനുപം സിംഗ് പറഞ്ഞു. നാസിയയ്ക്ക് സംരക്ഷണം ആവശ്യമാണെങ്കില്‍ പൊലീസുകാരെ നിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷമാദ്യമാണ് 18കാരിയായ നാസിയയ്ക്ക് ധീരതക്കുള്ള ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. ആഗ്രയിലെ മയക്കുമരുന്ന്, ചൂതാട്ട സംഘങ്ങളെ തുരത്താന്‍ മുന്നിട്ടിറങ്ങിയതിനായിരുന്നു പുരസ്‌കാരം. ഇത്തരം സംഘങ്ങള്‍ക്കെതിരെ നിരവധി തവണയാണ് നാസിയ പരാതി നല്‍കിയത്.

ഇതേ തുടര്‍ന്ന് നാസിയയ്ക്ക് നിരവധി ഭീഷണികളും ലഭിച്ചു. ഭീഷണികളെ അവഗണിച്ച് നാസിയ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന് ഇക്കാര്യം സംബന്ധിച്ച് ട്വീറ്റ് ചെയ്തു. ഇതിന് പുറമെ ആറ് വസയുകാരിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമവും നാസിയ തടഞ്ഞിട്ടുണ്ട്. ഇതും ദേശീയ ധീരതാ പുരസ്‌കാരത്തിന് നാസിയയെ അര്‍ഹയാക്കി.

pathram desk 1:
Related Post
Leave a Comment