കൊച്ചി:ഫഹദ് ഫാസിലിനെ നായകനാക്കി ശ്രീനിവാസന്റെ തിരക്കഥയില്‍ മലയാളി എന്ന പേരില്‍ സിനിമ ചെയ്യുന്നു എന്ന കാര്യം സത്യന്‍ അന്തിക്കാട് പ്രഖ്യാപിച്ചിരിന്നു.സാധാരണഗതിയില്‍ ഷൂട്ടിംഗ് പൂര്‍ത്തിയായാല്‍ മാത്രം പേരിടുന്ന സ്വഭാവക്കാരനായിരുന്ന സത്യന്‍ അന്തിക്കാട് ആദ്യമായിട്ടാണ് ചിത്രം അനൗണ്‍സ് ചെയ്തപ്പോഴെ പേരും പുറത്തുവിട്ടത്.
എന്നാല്‍, ഈ പേര് ഉപയോഗിക്കാന്‍ സാധിക്കാതെ വന്നതോടെ പേര് പിന്‍വലിക്കുകയാണെന്ന് സത്യന്‍ അന്തിക്കാട് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
സത്യന്‍ അന്തിക്കാടിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തട്ടാന്‍ ഭാസ്‌കരന്റേയും സ്‌നേഹലതയുടേയും കഥയിലേക്ക് എന്നെ ആദ്യം ആകര്‍ഷിച്ചത് ‘പൊന്മുട്ടയിടുന്ന തട്ടാന്‍’ എന്ന പേരായിരുന്നു. രഘുനാഥ് പാലേരിയുടെ സങ്കല്പത്തില്‍ ആ ‘തട്ടാന്‍’ ഈശ്വരനാണ്. ‘പൊന്മുട്ട’ പ്രഭാത സൂര്യനും. അതിലെ കാവ്യഭംഗി മനസ്സിലാക്കാതെ തെറ്റിദ്ധരിച്ച് ചിലര്‍ എതിര്‍പ്പുമായി വന്നപ്പോള്‍ വിവാദത്തിനൊന്നും നില്‍ക്കാതെ ഞങ്ങള്‍ ‘തട്ടാനെ’ ‘താറാവാക്കി’ മാറ്റി.
ഇപ്പോള്‍, പുതിയ സിനിമയുടെ ആലോചനയുമായി ഇരിക്കുമ്പോള്‍ ശ്രീനിവാസന്‍ ഒരു കഥ പറഞ്ഞു. പി. ആര്‍. ആകാശ് എന്ന പ്രകാശന്റെ കഥ. ഇന്നത്തെ മലയാളിയുടെ പൊതു സ്വഭാവത്തെ മുന്‍നിര്‍ത്തിയുള്ള കഥയായതുകൊണ്ട് ‘മലയാളി’ എന്ന് പേരിട്ടാലോയെന്ന് തോന്നി. കേട്ടവര്‍ക്കെല്ലാം അതിഷ്ടമായി. ഫിലിം ചേംബറിന്റെ അനുവാദവും കിട്ടി. അങ്ങനെയാണ് ‘വൈകി പേരിടുന്ന പതിവു രീതി മാറ്റുന്നു’ എന്ന മുഖവുരയോടെ പേര് അനൗണ്‍സ് ചെയ്യുന്നത്.
‘ദൈവത്തെ ചിരിപ്പിക്കാന്‍ നമ്മുടെ ഭാവി പരിപാടികള്‍ പറഞ്ഞാല്‍ മതി’ എന്ന് കേട്ടിട്ടുണ്ട്. അക്ഷരം പ്രതി സത്യം. ദൈവം ചിരിച്ചു. ‘മലയാളി’ എന്ന പേരില്‍ മുന്‍പൊരു സിനിമ ഉണ്ടായിരുന്നുവെന്ന് ഞങ്ങള്‍ ഓര്‍ത്തിട്ടില്ലായിരുന്നു.
ആ സിനിമയുടെ നിര്‍മ്മാതാവടക്കം പലരും പറഞ്ഞു – ‘സാരമില്ല, ഒരു സിനിമയുടെ പേരില്‍ തന്നെ പിന്നീട് സിനിമകള്‍ ഉണ്ടായിട്ടുണ്ടല്ലോ’.
എങ്കിലും ഞങ്ങള്‍ ആ പേര് മാറ്റുകയാണ്. മലയാളിത്തമുള്ള മറ്റൊരു പേരിനു വേണ്ടി നമുക്ക് കാത്തിരിക്കാം.
അല്ലെങ്കിലും പേരിലല്ലല്ലോ, പ്രമേയത്തിലല്ലേ കാര്യം.