തൃത്താല: കത്വയില്‍ എട്ടു വയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവത്തിനെതിരെ ചിത്രം വരച്ച് പ്രതിഷേധിച്ച ചിത്രകാരിയും അധ്യാപികയുമായ ദുര്‍ഗ്ഗാ മാലതിയുടെ വീടിന് നേരെ കല്ലേറ്. ദുര്‍ഗ മാലതിയുടെ തൃത്താലയിലെ വീടിന് നേരെ അര്‍ധരാത്രിയോടെയാണ് അജ്ഞാതര്‍ കല്ലെറിഞ്ഞത്. വീടിന് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നു. ഫെയ്സ്ബുക്കിലൂടെയാണ് ദുര്‍ഗമാലതി ആക്രമണ വിവരം പുറത്തുവിട്ടത്.
കത്വ സംഭവത്തില്‍ പ്രതിഷേധിച്ച് ചിത്രം വരച്ചതിന് ശേഷം ഹൈന്ദവ ബിംബങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് ദുര്‍ഗയ്ക്ക് നേരെ വധഭീഷണിയുണ്ടായിരുന്നു. ഒരു മതത്തിനും എതിരായല്ല താന്‍ ചിത്രം വരച്ചതെന്ന് പലതവണ പറഞ്ഞിട്ടും തനിക്ക് നേരെ അക്രമങ്ങളും വധ ഭീഷണികളും തുടരുകയാണെന്ന് ചിത്രകാരി പറയുന്നു. തനിക്കെതിരെ മാത്രമല്ല, തന്റെ പേര് മെന്‍ഷന്‍ ചെയ്ത ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ക്ക് നേരെയും ആക്രമണമുണ്ട്. മാപ്പു പറഞ്ഞില്ലെങ്കില്‍ കൊല്ലുമെന്ന് മാത്രമല്ല, ബലാത്സംഗം ചെയ്യുമെന്നും ഭീഷണികളുണ്ട്. എന്തു സംഭവിച്ചാലും താന്‍ മാപ്പു പറയാന്‍ തയ്യാറല്ലെന്ന് ദുര്‍ഗ പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ഇന്നലെ രാത്രി അവര്‍ വീടിനുനേരെ കല്ലെറിഞ്ഞു.. വീട്ടിലെ വാഹനത്തിന്റെ ചില്ല് എറിഞ്ഞു ഉടച്ചു… കേട്ടാലറക്കുന്ന തെറികളും വധ പീഡന ഭീഷണികള്‍ എന്റെ പ്രൊഫെയിലില്‍ വന്നു കൂട്ടം കൂട്ടമായി വിളമ്പിക്കൊണ്ടേയിരിക്കുന്നു.. ആരെയും എന്തും പറയാം… മതമെന്ന അവരുടെ വികാരത്തെ എളക്കിവിട്ടാല്‍ മത് മതേതര പുരോഗമന കേരളത്തില്‍… അത് ഞാന്‍ അര്‍ഹിക്കുന്നു എന്ന നിലപാടാണു പലയിടത്തുനിന്നുമുള്ള നിശബ്ദതയില്‍ എനിക്കു കാണാന്‍ കഴിയുന്നത്… എന്താണു ഞാന്‍ ചെയ്ത തെറ്റ് ?? പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവര്‍ക്കെതിരെ ചിത്രങ്ങള്‍ വരച്ചു…. അത് ഒരു മതത്തിനുമെതിരല്ല എന്നു പലതവണ പോസ്റ്റിലൂടെയും ലൈവിലൂടെയും പറയേണ്ട ഗതികേടു വരെ ഉണ്ടായി…ഒരു ജനാധിപത്യരാജ്യത്താണു ഞാന്‍ ജീവിക്കുന്നതെന്നു പലപ്പോഴും ഞാന്‍ എന്നെ തന്നെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുകയാണു… എനിക്ക് നീതികിട്ടിയില്ലെങ്കില്‍ ജനാധിപത്യം ഒരു വലിയകളവാണെന്നു വിശ്വസിക്കേണ്ടിവരും..
Leave a Comment