അപ്രഖ്യാപിത ഹര്‍ത്താലിലെ അക്രമം: അറസ്റ്റിലായവര്‍ക്കെതിരെ പോക്‌സോ ചുമത്തും!!! നിര്‍ദ്ദേശം ആഭ്യന്തര വകുപ്പിന്റേത്

തിരുവനന്തപുരം: അപ്രഖ്യാപിത ഹര്‍ത്താലിലെ അക്രമങ്ങളില്‍ ആഭ്യന്തര വകുപ്പ് നടപടി കടുപ്പിക്കുന്നു. അറസ്റ്റിലായവര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചു. കത്വയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ പേര് പരസ്യമാക്കിയെന്ന് തെളിഞ്ഞാല്‍ പോക്സോ ചുമത്താനാണ് ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തിയത് വര്‍ഗീയ വികാരം ഇളക്കിവിടാന്‍ ലക്ഷ്യമിട്ടാണെന്നു ഇന്നലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സ്ഥിരീകരിച്ചിരുന്നു. ചിലര്‍ ഇതിനു മനഃപൂര്‍വം ശ്രമിച്ചതായി വ്യക്തമായിട്ടുണ്ട്. അവരെ കണ്ടെത്താനുള്ള അന്വേഷണം സംസ്ഥാന വ്യാപകമായി പുരോഗമിക്കുകയാണ്. സംഭവത്തില്‍ അറസ്റ്റിലായവരുടെ പശ്ചാത്തലം പരിശോധിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞിരുന്നു. അതേസമയം, വര്‍ഗീയ കലാപത്തിനു സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നു സംസ്ഥാനത്ത് മൂന്നു ദിവസത്തെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

അപ്രഖ്യാപിത ഹര്‍ത്താലും അതിന്റെ മറവില്‍ നടന്ന അക്രമങ്ങളും വര്‍ഗീയ സംഘടനകള്‍ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. കത്വ സംഭവത്തിന്റെ മറപിടിച്ചു മതസ്പര്‍ധ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ എസ്ഡിപിഐ പോലുള്ള തീവ്ര മുസ്ലിം അനുകൂല സംഘടനകളാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും പൊലീസ് കണ്ടെത്തി.

pathram desk 1:
Related Post
Leave a Comment