മകന്റെ പേരിലും ഫുട്ബോളിനോടുള്ള പ്രണയം ഒളിപ്പിച്ച് വിനീത്

ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് സി.കെ വിനീത് എന്ന മലയാളി താരം.അടുത്തിടെയാണ് സി കെ വിനീതിന് മകന്‍ ജനിച്ചത്. തനിക്ക് മകന്‍ ജനിച്ചപ്പോള്‍ അവന്‍ മതമില്ലാതെ വളരുമെന്ന് താരം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ മകന്റെ പേര് പുറത്തുവിട്ടിരിക്കുകയാണ് വിനീത്. ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട മകന്റെ പേരിലും ഫുട്ബോളിനോടുള്ള പ്രണയം ഒളിപ്പിച്ചിരിക്കുയാണ് താരം.
ഏഥന്‍ സ്റ്റീവ് എന്ന പേരാണ് മകന് വിനീത് നല്‍കിയിരിക്കുന്നത്. ഏഥന്‍ എന്ന വാക്കിന്റെ അര്‍ഥം കരുത്തന്‍ എന്നാണ്. തന്റെ ഇഷ്ടതാരമായ സ്റ്റീഫന്‍ ജെറാള്‍ഡിന്റെ പേരിനോട് സാമ്യമുളള പേരാണ് സ്റ്റീവ്. ജെറാള്‍ഡിനോടുളള ആരാധനകൊണ്ട് തന്നെയാണ് ഈ പേര് തെരഞ്ഞെടുത്തതെന്നാണ് വിനീത് പറയുന്നത്.
കഴിഞ്ഞ ഫെബ്രുവരി 23ന് ആണ് വിനീതിന് ആണ്‍ കുഞ്ഞ് പിറന്നത്. കണ്ണൂര്‍ സ്വദേശിയായ ശരണ്യയാണ് വിനീതിന്റെ ഭാര്യ. തന്റെ മകനെ മതമില്ലാതെ വളര്‍ത്തുമെന്നുളള വിനിതീന്റെ തീരുമാനത്തെ ബ്ലാസ്റ്റേഴ്സ് ആരാധകരും കേരളക്കരയും കയ്യടിയോടെയാണ് സ്വീകരിച്ചത്. പ്രായപൂര്‍ത്തിയാകുമ്പോള്‍ മകന്‍ അവന്റെ മതം തെരഞ്ഞെടുത്തോട്ടെയെന്നായിരുന്നു വിനീതിന്റെ നിലപാട്.
അതേസമയം, ബ്ലാസ്റ്റേഴ്സ് ടീമിലെ വിനീതിന്റെ സ്ഥാനത്തെ ചൊല്ലിയുള്ള ആശങ്കകള്‍ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. താരവും ടീം അധികൃതരും തമ്മില്‍ ധാരണയായെന്നും അടുത്ത സീസണില്‍ വിനീത് ടീം വിടുമെന്നുമൊക്കെയുളള റിപ്പോര്‍ട്ടുകളുണ്ട്. വിനീതിനെ തങ്ങളുടെ തട്ടകത്തിലേക്ക് എത്തിക്കാനായി കൊപ്പലാശാന്റെ ജംഷദ്പൂര്‍ എഫ്സിയും എടികെയും ശ്രമം തുടങ്ങിയെന്നാണ് കേള്‍ക്കുന്നത്. സ്ഥിരീകരിക്കാത്ത വാര്‍ത്തയാണെങ്കിലും ആശങ്കയിലാണ് ആരാധകര്‍.
നേരത്തെ താരത്തെ തിരികെ ടീമിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു എഫ്സിയുടെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഐ ലീഗില്‍ ബെംഗളൂരുവിന്റെ താരമായിരുന്ന വിനീതിനെ ആ സീസണിലാണ് ബ്ലാസ്റ്റേഴ്സ് സൈന്‍ ചെയ്യുന്നത്. അതുവരെ താരം ലോണ്‍ അടിസ്ഥാനത്തിലായിരുന്നു ബ്ലാസ്റ്റേഴ്സ് നിരയില്‍ കളിച്ചത്.

pathram:
Related Post
Leave a Comment