ഇളയ ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക്!!! വെളിപ്പെടുത്തലുമായി അച്ഛന്‍ ചന്ദ്രശേഖര്‍

ചെന്നൈ: രജനീകാന്തിനും കമല്‍ ഹാസനും പിന്നാലെ നടന്‍ വിജയിയും രാഷ്ട്രീയത്തിലേക്ക്. പിതാവ് എസ്.എ. ചന്ദ്രശേഖറാണ് വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍, രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍പറ്റിയ അന്തരീക്ഷമല്ല ഇപ്പോഴുള്ളത്. ഉചിതസമയത്ത് വിജയ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുമെന്നും സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ചന്ദ്രശേഖര്‍ വ്യക്തമാക്കി.

രജനീകാന്തും കമല്‍ഹാസനും രാഷ്ട്രീയത്തില്‍ ഇറങ്ങി. അവരുമായി തുലനംചെയ്യുമ്പോള്‍ വിജയ് എത്രയോ ജൂനിയര്‍ ആണ്. അവര്‍ക്കൊപ്പം ഇപ്പോള്‍ വിജയ് കൂടി രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ തമിഴകരാഷ്ട്രീയം താരങ്ങളെക്കൊണ്ട് നിറയും. വിജയ് രാഷ്ട്രീയത്തില്‍ ശോഭിക്കും.

സാമൂഹികകാര്യങ്ങളില്‍ ഇടപെടാന്‍ പരിശീലനം നല്‍കിയിട്ടുണ്ട്. മൂന്നു വര്‍ഷത്തിനുശേഷം വിജയ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നുള്ള അഭ്യൂഹം അദ്ദേഹം നിഷേധിച്ചു. മികച്ച നേതാക്കളുടെ അഭാവം സംസ്ഥാനത്തുണ്ട്. മാറ്റങ്ങള്‍ കൊണ്ടുവരുന്നവരെയാണ് നമുക്കാവശ്യം. കമല്‍ഹാസനും രജനീകാന്തും ഒറ്റക്കെട്ടായി രംഗത്തിറങ്ങി മത്സരിച്ചാല്‍ വിജയം ഉറപ്പാണ്. അടുത്ത 15 വര്‍ഷത്തേക്ക് തമിഴകഭരണം നടത്താനാവും.

എന്നാല്‍, ഇരുവരും വ്യത്യസ്തമായി മത്സരിച്ചാല്‍ പഴയ പാര്‍ട്ടികള്‍തന്നെ ഭരണം തിരിച്ചുപിടിക്കുമെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. നാളെയ തീര്‍പ്പ് എന്ന ചിത്രത്തിലൂടെ 1992-ലാണ് വിജയ് സിനിമയിലെത്തിയത്. ചിത്രം വിജയിച്ചില്ലെങ്കിലും വിജയ് വളര്‍ന്നുവരുമെന്ന് തനിക്കുറപ്പായിരുന്നുവെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

pathram desk 1:
Related Post
Leave a Comment