സമ്പദ് സമൃദ്ധിയുടെ ഓര്‍മയില്‍ ഇന്ന് വിഷു

സമ്പദ്‌സമൃദ്ധിയും ഐശ്വര്യവും ഓര്‍മിപ്പിച്ച് ഇന്ന് മലയാളികള്‍ വിഷു ആഘോഷിക്കുന്നു. വിഷുക്കണിയും വിഷുക്കൈനീട്ടവും ഒരു വര്‍ഷത്തെ ഐശ്വര്യത്തിന്റെ പ്രതീകമെന്നാണ് മലയാളിയുടെ വിശ്വാസം. സൂര്യന്‍ മീനത്തില്‍ നിന്ന് മേടരാശിയിലേക്ക് കടക്കുന്നതാണ് വിഷു. രാവും പകലും തുല്യമാകുമെന്നതാണ് ദിവസത്തിന്റെ പ്രത്യേകത.

രാവിലെ കണ്‍തുറക്കുന്നത് സമൃദ്ധമായ വിഷുക്കണിയിലേക്കാണ്. നിലവിളക്കിന്റെ തിരിവെളിച്ചത്തില്‍ കൃഷ്ണവിഗ്രഹവും കണിക്കൊന്നയും കണിവെള്ളരിയും നിര്‍ബന്ധം. ധാന്യവും കോടിമുണ്ടും വാല്‍ക്കണ്ണാടിയുംവേണം. ഓട്ടുരുളിയില്‍ പഴങ്ങള്‍, അഷ്ടമംഗല്യം, സ്വര്‍ണം, നാണയങ്ങള്‍ തുടങ്ങിയവയും നിരത്തും. തലേദിവസം രാത്രി ഒരുക്കുന്ന വിഷുക്കണി പുലര്‍ച്ചെ എണീറ്റ് നിലവിളക്ക് തെളിച്ച് തൊഴുന്നശീലം മലയാളിയുള്ളകാലം മറക്കില്ല.

വിഷുവിന് ക്ഷേത്രദര്‍ശനവും പതിവുണ്ട്. ക്ഷേത്രങ്ങളിലും സമൃദ്ധമായ കണിയൊരുക്കും. ഭക്തര്‍ക്ക് പൂജാരിയുടെ വക വിഷുക്കൈനീട്ടവും നല്‍കും. ക്ഷേത്രങ്ങളില്‍നിന്ന് കൈനീട്ടം വാങ്ങുന്നത് ഐശ്വര്യം വര്‍ധിപ്പിക്കുമെന്ന വിശ്വാസമുള്ളതിനാല്‍ കൈനീട്ടം വാങ്ങുന്നതിനായി വലിയനിര തന്നെയുണ്ടാകും ക്ഷേത്രങ്ങളില്‍.

പൂത്തുനില്‍ക്കുന്ന കണിക്കൊന്നയാണ് പുതുവര്‍ഷത്തെ ഓര്‍മിപ്പിക്കുന്നത്. സമൃദ്ധിയുടെ നിറമാണ് കണിക്കൊന്നയുടെ മഞ്ഞ. കേരളീയര്‍ കാര്‍ഷികോത്സവമായാണ് വിഷുദിനം ആഘോഷിച്ചിരുന്നത്. കൊയ്ത്തുകഴിഞ്ഞ് നാട് സമ്പന്നമാകുന്ന വേളയിലാണ് ആഘോഷം. കാലവും കാലാവസ്ഥയും മലയാളിയും ഒരുപാട് മാറി. എങ്കിലും വിഷു ഇന്നും നല്ലതുടക്കമാണ്, പുതുവര്‍ഷം സന്തോഷവും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞതാകാന്‍.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7