ആസിഫ കൊലപാതകത്തില്‍ പ്രതിഷേധം കത്തുന്നു, അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി

ശ്രീനഗര്‍: എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന പ്രതികള്‍ക്ക് വേണ്ടി തെരുവിലിറങ്ങിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ സഖ്യകക്ഷിയായ പി.ഡി.പിക്കുള്ളിലും പ്രതിഷേധം പുകയുന്നു. ആസിഫയുടെ കൊലപാതകവും അതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധവും കണക്കിലെടുത്ത് സംസ്ഥാനത്തെ പാര്‍ട്ടി നിയമസഭാംഗങ്ങളുടെയും മുതിര്‍ന്ന നേതാക്കളുടെയും അടിയന്തര യോഗം പിഡിപി വിളിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം നടക്കുന്ന ഈ യോഗത്തില്‍ കടുത്ത തീരുമാനങ്ങളുണ്ടായേക്കുമെന്ന് പി.ഡി.പി വൃത്തങ്ങള്‍ വെളിപ്പെടുത്തി. അതേസമയം, തങ്ങളെ യോഗത്തിന് വിളിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതിലെ ചര്‍ച്ചാ വിഷയങ്ങളെക്കുറിച്ച് അറിയില്ലെന്നും ഒരു പി.ഡി.പി എം.എല്‍.എ വെളിപ്പെടുത്തി. പി.ഡി.പിയും ബി.ജെ.പിയും ചേര്‍ന്ന മുന്നണിയാണ് നിലവില്‍ കാശ്മീര്‍ ഭരിക്കുന്നത്.

പീഡനക്കേസില്‍ ബിജെപി നേതാക്കള്‍ക്കുളള പങ്ക് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു പി.ഡി.പി നേതാവ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഒരു സമ്മര്‍ദ്ദത്തിനും കീഴ്പ്പെടേണ്ടതില്ലെന്നും കര്‍ശനമായി നീതി നടപ്പിലാക്കണമെന്നുമാണ് പാര്‍ട്ടി തീരുമാനം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ക്രൂരത കാട്ടിയവരെ കര്‍ശനമായി ശിക്ഷിക്കണമെന്നാണ് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെയും നിര്‍ദ്ദേശമെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. ആരുടെയെങ്കിലും താത്പര്യങ്ങള്‍ക്ക് വഴങ്ങി നീതിനിര്‍വഹണത്തില്‍ വീഴ്ച വരുത്തില്ലെന്ന് മെഹ്ബൂബ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ദ്രുതഗതിയില്‍ അന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് ശിക്ഷവാങ്ങിക്കൊടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

pathram desk 2:
Related Post
Leave a Comment