മുംബൈ ഇന്ത്യന്‍സിന് വന്‍തിരിച്ചടി!!! സൂപ്പര്‍താരം ഐ.പി.എല്‍ കളിക്കില്ല

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുന്ന ഓസീസ് ഫാസ്റ്റ് ബൗളര്‍ പാറ്റ് കുമിന്‍സ് ഐപിഎല്ലില്‍ കളിച്ചേക്കില്ല. പരിക്കിനെ തുടര്‍ന്ന് വിട്ടുനിക്കുമെന്നാണ് സൂചന. ജോയിന്റുകള്‍ക്ക് നീരുള്ളതിനാല്‍ കുമിന്‍സിന് ഉടനെ കളിക്കാനാകില്ലെന്നും വിശ്രമം അനിവാര്യമാണെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചിരുന്നു.

5.4 കോടി രൂപയ്ക്കാണ് 24കാരനായ കുമിന്‍സിനെ ഐപിഎല്‍ ലേലത്തിലൂടെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ ആദ്യ മത്സരം കുമിന്‍സിന് നഷ്ടമായിരുന്നു.

ആഴ്ചകള്‍ക്കുള്ളില്‍ കുമിന്‍സ് പൂര്‍ണ ആരോഗ്യവാനാകുമെന്നും പരിക്ക് ഭേദമാകുമെന്നുമാണ് ഫിസിയോതെറാപ്പിസ്റ്റ് പറയുന്നത്. ഇംഗ്ലണ്ടിന്റെ പരിമിത ഓവര്‍ പര്യടനത്തില്‍ കുമിന്‍സിനെ ഉള്‍പ്പെടുത്തണമോ എന്നത് അന്തിമഘട്ട പരിശോധനകള്‍ക്ക് ശേഷമേ തീരുമാനിക്കൂ.

കഴിഞ്ഞ വര്‍ഷം മാത്രം ഓസ്ട്രേലിയക്ക് വേണ്ടി 13 ടെസ്റ്റുകളാണ് കുമിന്‍സ് കളിച്ചത്. 447.5 ഓവറുകള്‍ ബൗള്‍ ചെയ്യുകയും ചെയ്തിരുന്നു. ഓസീസ് ടെസ്റ്റ് ടീമില്‍ അംഗമായപ്പോള്‍ മുതല്‍ പരിക്കുകള്‍ കുമിന്‍സിനെ വിടാതെ പിന്തുടരുകയാണ്. നടുവിലെ പരിക്കുകളാണ് കൂടുതലും കുമിന്‍സിന് തടസ്സമാകുന്നത്.

ആഷസ് പരമ്പര ഓസീസിന് നേടിക്കൊടുത്തതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് കുമിന്‍സ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും ഓസീസിന് വേണ്ടി കുമിന്‍സ് നടത്തിയത് മികച്ച പ്രകടനമായിരുന്നു. ഐസിസി ടെസ്റ്റ് ബൗളര്‍ റാങ്കിംഗില്‍ ആദ്യ പത്തിലാണ് കുമിന്‍സിന്റെ സ്ഥാനം. ഇത്രയും മികച്ച ഒരു ബൗളര്‍ പരിക്കിനെ തുടര്‍ന്ന് കളിക്കളത്തിന് പുറത്തിറങ്ങുന്നത് മുംബൈ ഇന്ത്യന്‍സിന് ഒരുപക്ഷേ വലിയ തിരിച്ചടിയാകും.

pathram desk 1:
Related Post
Leave a Comment