സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധിപ്പിക്കണമെന്ന് മാനേജ്മെന്റുകളുടെ ഹര്‍ജി, എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: ഫീസ് ഇരട്ടിയാക്കണമെന്ന് ആവശ്യപ്പെട്ട് സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ സമയം നീട്ടി ചോദിച്ചു. എന്നാല്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാനുളള സര്‍ക്കാര്‍ നീക്കത്തെ മാനേജുമെന്റുകള്‍ കോടതിയില്‍ എതിര്‍ത്തു. തുടര്‍ന്ന് കേസ് ബുധനാഴ്ചത്തേയ്ക്ക് മാറ്റിവെച്ചു.

ഇരുപതോളം കോളേജുകളാണ് ഫീസ് വര്‍ധന ആവശ്യപ്പെട്ട് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.ഫീസ് 11 ലക്ഷമാക്കണമെന്നാണ് മാനേജ്മെന്റുകളുടെ ആവശ്യം. നിലവില്‍ 5.6 ലക്ഷമാണ് ഫീസ്. വര്‍ധന നിലവില്‍ വന്നാല്‍ 4000 വിദ്യാര്‍ഥികളെയാകും ഇത് ബാധിക്കുക. ഫീസ് വര്‍ധന ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചവരില്‍ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളും ഉള്‍പ്പെടുന്നുണ്ട്.

പ്രവേശന മേല്‍ നോട്ട സമിതിയുടെ നിര്‍ദേശ പ്രകാരം പ്രതിവര്‍ഷം 5.6 ലക്ഷം രൂപയാണ് ഫീസായി വാങ്ങാന്‍ സാധിക്കുന്നത്. ഈ ഫീസ് ഇരട്ടിയോളം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായാണ് മാനേജ്മെന്റുകളുടെ നീക്കം.

11 മുതല്‍ 13 ലക്ഷം വരെ ഫീസ് വര്‍ധിപ്പിക്കണമെന്നാണ് മാനേജ്മെന്റുകളുടെ ആവശ്യം.ഫീസ് വര്‍ധന പാടില്ലെന്ന് സുപ്രീം കോടതിയില്‍നിന്ന് നിര്‍ദേശമില്ലെന്നും ഫീസ് നിശ്ചയിക്കാന്‍ പ്രവേശന മേല്‍നോട്ട സമിതിക്ക് അവകാശമില്ലെന്നും ചൂണ്ടിക്കാണിച്ചാണ് മാനേജ്മെന്റുകള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular