ലഖ്നൗ: മതിയായ യാത്രാ രേഖകളില്ലാത്തതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് അറസ്റ്റ് ചെയ്ത ഉക്രയിനിലെ മോഡലിന്റെ ഫോണില്‍ ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമൊത്തുള്ള അശ്ലീല ചിത്രങ്ങള്‍. തുടര്‍ന്ന് ഹണി ട്രാപ്പിന്റെ ഭാഗമാണോ എന്ന സംശയത്തില്‍ ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് ഇന്റലിജന്‍സ് ബ്യൂറോയിക്ക് വിവരം കൈമാറി.
യാത്രാരേഖകളില്ലാതെ ഇന്ത്യയില്‍ പ്രവേശിച്ചതിന്റെ പേരിലാണ് ഉക്രയിന്‍ മോഡല്‍ ഡാരിയ മോള്‍ച്ചയെ അറസ്റ്റ് ചെയ്തത്. ഇവരെ ഗൊരഖ്പുര്‍ ജില്ലാ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. നേപ്പാള്‍ വഴി ഇന്ത്യയിലേയ്ക്ക് കടക്കാന്‍ ഇവരെ സഹായിച്ച ഇന്ത്യന്‍ സുഹൃത്തുക്കളെക്കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്. ഇതിനായി ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് അടക്കമുള്ളവ വ്യാജമായി നിര്‍മ്മിച്ചിരുന്നു.
ഡല്‍ഹിയിലെ പോലീസ് ഉദ്യോഗസ്ഥര്‍, വിമാനത്താവള ഉദ്യോഗസ്ഥര്‍, കൊല്‍ക്കത്തയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമൊത്തുള്ള ഡാരിയയുടെ അശ്ലീല ചിത്രങ്ങള്‍ അവരുടെ സ്മാര്‍ട്ട് ഫോണില്‍ നിന്നും ലഭിച്ചതായാണ് പോലീസ് നല്‍കുന്ന വിവരം. രാജ്യ സുരക്ഷയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ ചോര്‍ത്താനായി ഉക്രൈന്‍ മോഡല്‍ ശ്രമിച്ചിട്ടുണ്ടാകും എന്നാണ് പോലീസിന്റെ നിഗമനം.
മോള്‍ച്ചയുടെ മൊഴി പ്രകാരം ഗൊരഖ്പൂര്‍ സ്വദശിയായ സുഹൃത്ത് അനൂജ് പൊഡാര്‍, ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇംഷാം കാഷീഫ് എന്നീ വ്യവസാസികളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം അനുസരിച്ച് ഈ വര്‍ഷം മാര്‍ച്ചിലാണ് ഇവര്‍ ഇന്ത്യയില്‍ എത്തുന്നത്. തുടര്‍ന്ന് ഡല്‍ഹിയിലും ഗൊരഖ്പുരിലും താമസിച്ചു വരികയായിരുന്നു.
2016ലാണ് ഇവര്‍ ആദ്യമായി ഇന്ത്യയില്‍ വരുന്നത്. 2017ല്‍ ടൂറിസ്റ്റ് വിസയില്‍ എത്തിയെങ്കിലും വിമാനത്താവളത്തല്‍ വെച്ചുതന്നെ തിരിച്ചുപോകേണ്ടിവന്നു. തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ അനധികൃതമായി രാജ്യത്ത് പ്രവേശിക്കുകയായിരുന്നു. നേരത്തെ ഇവര്‍ ചൈനയിലും ചില ഗള്‍ഫ് രാജ്യങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു.