മോദി പറയുന്നത് വിശ്വസിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ ഗതി അധോഗതി; വ്യാജവാര്‍ത്ത നല്‍കുന്ന മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാനുള്ള തീരുമാനത്തെ പരിഹസിച്ച് എം.കെ വേണു

ന്യൂഡല്‍ഹി: വ്യാജവാര്‍ത്ത നല്‍കുന്ന മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാത്തിനെതിരെ മാധ്യമപ്രവര്‍ത്തകന്‍ എം.കെ വേണു രംഗത്ത്. മോദിയുടെ എല്ലാ സാമ്പത്തിക വാഗ്ദാനങ്ങളും വിശ്വസിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ അംഗീകാരം നഷ്ടപ്പെടുമെന്നായിരുന്നു വേണുവിന്റെ പ്രതികരണം.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘ വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ നിങ്ങള്‍ മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കുമെങ്കില്‍ മോദിയുടെ സാമ്പത്തിക വാഗ്ദാനങ്ങള്‍ വിശ്വസിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് അംഗീകാരം നഷ്ടപ്പെടും.’

കേന്ദ്രസര്‍ക്കാര്‍ തീരുമാനം മാധ്യമപ്രവര്‍ത്തനത്തിന് മൂക്കുകയറിടുന്നതാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. വിഷയം ഇന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചര്‍ച്ച ചെയ്യുന്നുമുണ്ട്. വ്യാജ വാര്‍ത്ത ഉണ്ടാക്കുകയോ അത് പ്രചരിപ്പിക്കുകയോ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം താല്‍ക്കാലികമായോ സ്ഥിരമായോ റദ്ദാക്കണമെന്നാണ് വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

വ്യാജവാര്‍ത്ത സംബന്ധിച്ച പരാതി ലഭിച്ചാലുടന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അല്ലെങ്കില്‍ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്ക് കൈമാറി കേന്ദ്രസര്‍ക്കാര്‍ ഉപദേശം തേടും. 15 ദിവസത്തിനുളളില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമിതികള്‍ സര്‍ക്കാരിന് തിരികെ നല്‍കണം.

അച്ചടിമാധ്യമങ്ങള്‍ക്കെതിരെയാണ് ആക്ഷേപമെങ്കില്‍ പ്രസ് കൗണ്‍സിലും ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കെതിരെയാണെങ്കില്‍ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷനുമാണ് പരാതി പരിഗണിക്കുക. സമിതികള്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതുവരെ ആരോപിതരായ മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം മരവിപ്പിക്കും.

അന്വേഷണത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതായി തെളിഞ്ഞാല്‍ ആറുമാസത്തേക്ക് അംഗീകാരം റദ്ദുചെയ്യും. ഇതേ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പിന്നിടൊരിക്കല്‍ പരാതി ലഭിച്ചാല്‍ ഒരു വര്‍ഷത്തേക്കായിരിക്കും അംഗീകാരം റദ്ദാക്കുക. മൂന്നാമതൊരു തവണകൂടി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ സ്ഥിരമായി അംഗീകാരം നഷ്ടപ്പെടും.

pathram desk 1:
Related Post
Leave a Comment