കോടതിയില്‍ വച്ച് പരിശോധിച്ചതല്ലേ..? നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ഇനിയും എന്തിനാണെന്ന് ദിലീപിനോട് ഹൈക്കോടതി; അഭിഭാഷകന്റെ മറുപടി ഇങ്ങനെ…

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് എന്തിനാണെന്ന് ഹൈക്കോടതി. ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം ആരാഞ്ഞത്. അങ്കമാലി കോടതിയില്‍ വെച്ച് പ്രതിഭാഗം വീഡിയോ പരിശോധിച്ചതല്ലേയെന്നും കോടതി ചോദിച്ചു. അതേസമയം, വീഡിയോയില്‍ സ്ത്രീ ശബ്ദമുണ്ടെന്നും അത് ആരുടേതാണെന്ന് ഇതുവരെ പരിശോധിച്ചിട്ടില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍ പിള്ള പറഞ്ഞു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. 2017 ഫെബ്രുവരിയിലാണ് ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന നടിക്കു നേരെ ആക്രമണമുണ്ടായത്.

നേരത്തെ നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ഒഴികെ ദിലീപ് ആവശ്യപ്പെട്ട എല്ലാ രേഖകളും നല്‍കണമെന്ന് എറണാകുളം സെഷന്‍സ് കോടതിയും ഉത്തരവിട്ടിരുന്നു. ദൃശ്യങ്ങള്‍ ഒഴികെയുള്ള എല്ലാ രേഖകളും ഫോറന്‍സിക് പരിശോധന ഫലങ്ങളും നടിയുടെ മെഡിക്കല്‍ പരിശോധനാ ഫലവും മറ്റ് എല്ലാ തെളിവുകളും ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് കൈമാറണമെന്ന് സെഷന്‍സ് കോടതി പ്രോസിക്യുഷന് നിര്‍ദേശം നല്‍കി. എന്നാല്‍ ഇത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ രേഖകളും തെളിവുകളും കൈമാറാതെ വിചാരണ നടത്താനാവില്ലെന്നാണ് കോടതി പറഞ്ഞത്.

ദൃശ്യങ്ങള്‍ നല്‍കണമോ എന്നത് ഹൈക്കോടതി തീരുമാനിക്കട്ടെ എന്നും സെഷന്‍സ് കോടതി വ്യക്തമാക്കുകയായിരുന്നു. അങ്ങിനെയാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ എത്തിയത്. 28നകം എല്ലാ രേഖകളും കൈമാറണമെന്നാണ് സെഷന്‍സ് കോടതിയുടെ ഉത്തരവ്. 28ന് കേസില്‍ വീണ്ടും വിചാരണ നടപടികള്‍ തുടരുമെന്നും കോടതി അറിയിച്ചു. ഏപ്രില്‍ പകുതിയോടെ മധ്യവേനല്‍ അവധിക്കു കോടതി പിരിയും. ഇതിനു ശേഷം വിചാരണ തുടരാനാണ് സാധ്യത. നടിക്കു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക അഭിഭാഷകന്‍ ഹാജരാകുന്നതില്‍ കോടതി സംശയം പ്രകടിപ്പിച്ചു. സ്വന്തമായി അഭിഭാഷകനെ നിയോഗിക്കാന്‍ ഇത്തരം കേസുകളില്‍ ഇരയാകുന്ന സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് നടിയുടെ അഭിഭാഷകന്‍ മറുപടി നല്‍കുകയായിരുന്നു.

കേസില്‍ ദിലീപ് അടക്കം 12 പ്രതികളാണുള്ളത്. പള്‍സര്‍ സുനി അടക്കം ജയിലില്‍ ഉണ്ടായിരുന്ന ആറ് പ്രതികളെയും പോലീസ് കോടതിയില്‍ ഹാജരാക്കി. ജാമ്യത്തില്‍ കഴിയുന്നവരും ഇന്ന് കോടതിയില്‍ എത്തിയിട്ടുണ്ട്. രാവിലെ പത്തു മണിയോടെയാണ് ദിലീപ് കോടതിയില്‍ എത്തിയത്.

pathram:
Related Post
Leave a Comment