ധ്യാനത്തിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കപ്യാര്‍ അറസ്റ്റില്‍; തന്നെ ഒരുവര്‍ഷമായി പീഡിപ്പിച്ചു വരുന്നതായി പെണ്‍കുട്ടി

കുളമാവ്: ധ്യാനത്തില്‍ പങ്കെടുക്കാന്‍ പള്ളിയിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കപ്യാര്‍ അറസ്റ്റില്‍. കുളമാവ് സെന്റ് മേരീസ് പള്ളിയിലെ കപ്യാര്‍ കൊടിവേലിപ്പറമ്പില്‍ ജോസഫ് (അജി 32) ആണ് പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ചയായിരുന്നു സംഭവം.
പള്ളിയില്‍ പെരുന്നാളിനോട് അനുബന്ധിച്ച് നാലുദിവസങ്ങളിലായി നടന്ന ധ്യാനത്തിനെത്തിയതായിരുന്നു പെണ്‍കുട്ടി. ധ്യാനം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്നു തിരച്ചില്‍ ആരംഭിച്ചു. ജോസഫും നാട്ടുകാരോടൊപ്പം തിരച്ചിലില്‍ പങ്കെടുത്തിരുന്നു. പെണ്‍കുട്ടി ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ മഠത്തിലെത്തി. വിവരമറിഞ്ഞു പൊലീസും പെണ്‍കുട്ടിയുടെ ബന്ധുക്കളും എത്തി. വിവരങ്ങള്‍ തിരക്കിയപ്പോള്‍ താനും കപ്യാരും മഠത്തിനു സമീപത്തെ പൊളിഞ്ഞ കെട്ടിടത്തിലായിരുന്നെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. കഴിഞ്ഞ ഒരു വര്‍ഷമായി കപ്യാര്‍ തന്നെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി.
പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. കുളമാവ് സിഐ മാത്യു ജോര്‍ജിനാണ് അന്വേഷണച്ചുമതല.

pathram:
Related Post
Leave a Comment