ദുബൈ: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി പുതിയ തീരുമാനം. യു.എ.ഇ.യിലുള്ള വിദേശികള്‍ അവരുടെ നാട്ടിലെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ദിര്‍ഹത്തില്‍ ഇടപാട് നടത്തുമ്പോള്‍ ഇനി മുതല്‍ 1.15 ശതമാനം കൂടുതലായി നല്‍കേണ്ടി വരും. യു.എ.ഇ.യിലെ പ്രമുഖ ബാങ്കായ എമിറേറ്റ്‌സ് എന്‍.ബി.ഡി.യാണ് ആദ്യമായി ഈ പരിഷ്‌കാരം പ്രഖ്യാപിച്ചത്. മാര്‍ച്ച് എട്ടിന് പുതിയ വ്യവസ്ഥ നിലവില്‍ വന്നു. അതത് രാജ്യത്തെ കറന്‍സിയില്‍ തന്നെ ഇടപാട് നടത്തുന്നതായിരിക്കും ഉചിതമെന്നും ബാങ്ക് പ്രസ്താവനയില്‍ ഇടപാടുകാരെ അറിയിച്ചു.
അന്താരാഷ്ട്ര ഇകോമേഴ്‌സ് വെബ്‌സൈറ്റുകളും വ്യാപാരികളും ദിര്‍ഹത്തില്‍ തന്നെ ഇടപാടുകള്‍ നടത്താമെന്ന് പറയുമെങ്കിലും ഫലത്തില്‍ കൂടുതല്‍ തുകയാണ് ഇതുവഴി നല്‍കേണ്ടിവരുന്നതെന്ന് ബാങ്ക് മുന്നറിയിപ്പ് നല്‍കി. മൂന്ന് ശതമാനമാണ് പ്രോസസിങ് ഫീസായി ഈടാക്കുന്നത്. എന്നാല്‍ പ്രാദേശിക കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഈ തുക ഏഴ് ശതമാനം വരെയാവും. ഈ അധികഭാരം ഒഴിവാക്കാനാണ് കാര്‍ഡ് എടുത്ത രാജ്യത്തെ കറന്‍സിയില്‍ വ്യാപാരം നടത്തുന്നതാണ് ഉചിതമെന്നും ബാങ്ക് പറയുന്നു.