ഒരു ചാണക്യനും ബിജെപിയെ രക്ഷിക്കാനാവില്ല; ലോക്സഭാ തെരഞ്ഞെടുപ്പില്‍ 110 സീറ്റുകളുടെ കുറവുണ്ടാകും; അഹങ്കാരം നിറഞ്ഞ ഭരണത്തിനുള്ള തിരിച്ചടിയാണ് ഉത്തര്‍പ്രദേശില്‍ കണ്ടത്

മുംബൈ: ബിജെപിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ശിവസേന രംഗത്തെത്തി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 100 മുതല്‍ 110 സീറ്റുകളുടെ കുറവുണ്ടാകുമെന്നാണ് സഖ്യകക്ഷിയായ ശിവസേന പറയുന്നത്. ത്രിപുര പോലുള്ള ചെറിയൊരു സംസ്ഥാനത്തിലെ വിജയം ആഘോഷിക്കുമ്പോഴും തങ്ങളുടെ ശക്തികേന്ദ്രങ്ങളായ ഗൊരഖ്പൂരിലെയും ഫുല്‍പൂരിലെയും തോല്‍വി ബിജെപിയെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ ശിവസനേ ആരോപിച്ചു. അഹങ്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ ഭരണത്തിനുള്ള മറുപടിയാണു ബിജെപിക്ക് ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ലഭിച്ചതെന്നും ശിവസേന വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ രാജ്യത്തെ പൊതു ബോധത്തിന്റെ പ്രതിഫലനമല്ലെന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാല്‍ മോദി അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള ഉപതെരഞ്ഞെടുപ്പിലെ പരാജയങ്ങള്‍ കാരണം ഒമ്പത് സീറ്റുകളാണ് ബിജെപിക്ക് നഷ്ടമായത്.
സുഹൃത്തുക്കളെ ഉപേക്ഷിച്ചു മുന്നോട്ടു പോകുന്നവരെയും യാത്രയ്ക്ക് നുണകളുടെ വഴി തിരഞ്ഞെടുക്കുന്നവരെയും കാത്തിരിക്കുന്നതു നഷ്ടങ്ങള്‍ മാത്രമാണ്. അങ്ങനെ വീഴ്ച സംഭവിക്കുമ്പോള്‍ ഒരു ‘ചാണക്യനും’ ബിജെപിയെ രക്ഷിക്കാനാകില്ലെന്നും ശിവസേന ആഞ്ഞടിച്ചു. ബിജെപിയില്‍നിന്ന് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നാരോപിച്ച് ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി എന്‍ഡിഎ സഖ്യം വിട്ടുപോയ ദിവസം തന്നെയാണ് ‘സാമ്‌ന’യിലെ ലേഖനം.
അധികാരത്തിലെത്തിയപ്പോള്‍ 282 അംഗങ്ങള്‍ ഉണ്ടായിരുന്ന ബിജെപി ഇപ്പോള്‍ 272ലേക്ക് ചുരുങ്ങി. അതായത് 543 അംഗങ്ങളുള്ള ലോക്‌സഭയിലെ പകുതിയായി. 325 സീറ്റുകള്‍ നേടി റെക്കാഡ് ഇട്ടുകൊണ്ട് ബിജെപി ഉത്തര്‍പ്രദേശില്‍ വിജയിച്ചത് ഒരുവര്‍ഷം മുമ്പാണ്. 1991 മുതല്‍ തോല്‍വി എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയുമായി. ഇത്രയേറെ ജനപിന്തുണ അവകാശപ്പെട്ടിട്ടും രണ്ട് മണ്ഡലങ്ങളിലും ബിജെപി തോറ്റതെങ്ങനെയെന്ന് വിശദമാക്കണമെന്നും മുഖപ്രസംഗത്തില്‍ തുടരുന്നു.
2014ല്‍ പ്രശസ്തിയുടെ ഒരു തിരമാലയുണ്ടായി. ഇത് കാരണം ജനങ്ങളുടെ കണ്ണുകള്‍ മൂടപ്പെട്ടതിനാലാണ് ബിജെപിക്ക് ജയിക്കാനായത്. എന്നാല്‍ ഇന്ന് ആ തിരമാല നശിച്ചുവെന്നും ആളുകള്‍ക്ക് എല്ലാം കാണാന്‍ കഴിയുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ തോല്‍വിക്ക് വിവിധ കാരണങ്ങളാണ് ബിജെപി ഉന്നയിക്കുന്നത്. എന്നാല്‍ 2014ല്‍ അധികാരത്തിലെത്താന്‍ ബിജെപി എന്തെല്ലാം ഡീലുകള്‍ നടത്തിയെന്ന് ജനങ്ങള്‍ക്കറിയാം. ത്രിണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും ബിജെപിയില്‍ ‘ലയിച്ചത്’ കൊണ്ടാണ് ത്രിപുരയില്‍ ബിജെപിക്ക് ജയിക്കാനായത്. ഇതിനിടയില്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരിക്കലും 280 സീറ്റുകള്‍ സ്വന്തമാക്കാന്‍ കഴിയില്ല. 100 മുതല്‍ 110 സീറ്റുകള്‍ അവരില്‍ നിന്നും കുറയും. തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത് റഷ്യ, അമേരിക്ക, കാനഡ, ഫ്രാന്‍സ്, ഇസ്രയേല്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ അല്ലെന്നും ഇന്ത്യയിലാണെന്ന് ബിജെപി ഓര്‍ക്കണമെന്നും മുഖപ്രസംഗത്തില്‍ ശിവസേന ഓര്‍മ്മിപ്പിക്കുന്നു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment