തിരുവനന്തപുരം: അതിതീവ്ര ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളാ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം. തീരത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 65 കിലോ മീറ്റര്‍ വരെയാകും. തിരകള്‍ മൂന്ന് മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. ആലപ്പുഴയിലും എറണാകുളത്തും തിരുവനന്തപുരത്തും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.
സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളിലും മൂന്നാം നമ്പര്‍ അപായസൂചന ഉയര്‍ത്തി. മല്‍സ്യത്തൊഴിലാളികള്‍ വ്യാഴാഴ്ച വരെ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പുനല്‍കി. തീരദേശ ജില്ലകളിലെ കലക്ട്രേറ്റുകള്‍ ഇരുപത്തിനാല് മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം.പുനരധിവാസ കേന്ദ്രങ്ങള്‍ തയാറാക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. അടിയന്തര ഘട്ടം നേരിടാന്‍ തയാറാകണമെന്ന് വൈദ്യുതി ബോര്‍ഡിനും നിര്‍ദേശമുണ്ട്.
തുറമുഖങ്ങളെ ബാധിക്കും വിധം ന്യൂനമര്‍ദം ശക്തി പ്രാപിക്കുമ്പോഴാണ് മൂന്നാം നമ്പര്‍ അപായ സൂചന നല്‍കാറുള്ളത്. ഈ സാഹചര്യത്തില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 4050 കിലോമീറ്റര്‍ ആയിരിക്കും. തുറമുഖത്ത് അതിശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗം 6090 കിലോമീറ്ററിലേക്കുയര്‍ന്നാല്‍ രണ്ടാം നമ്പര്‍ അപായ സൂചന നല്‍കും, തുറമുഖം വിടുന്ന കപ്പലുകള്‍ക്കും മറ്റു മത്സ്യബന്ധന യാനങ്ങള്‍ക്കും അപകടമുണ്ടാക്കുന്നതായിരിക്കും അന്നേരത്തെ കാറ്റ്.
കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും സര്‍ക്കാര്‍ അറിയിച്ചു. ന്യൂനമര്‍ദപാത്തി തിരുവനന്തപുരത്തിന് 390 കിലോമീറ്റര്‍ അകലെ മാത്രമാണ്. തെക്കുപടിഞ്ഞാറന്‍ മേഖലയിലാണു തീവ്രന്യൂനമര്‍ദം രൂപം കൊണ്ടിട്ടുള്ളതെന്നും സാഹചര്യം അടിയന്തരമായി വിലയിരുത്താന്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
Leave a Comment