കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ ആവശ്യങ്ങളുമായി ഹൈക്കോടതിയെ സമീപിച്ച നടന്‍ ദിലീപിന് തിരിച്ചടി. വിചാരണ വൈകിപ്പിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ബുധനാഴ്ച കേസിലെ വിചാരണ ആരംഭിക്കുമെന്ന് ഉറപ്പായി. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ വിചാരണ നീട്ടിവെക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിചാരണ വൈകിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ക്ക് പുറമേ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച മറ്റു തെളിവുകളും രേഖകളും തനിക്ക് ലഭിക്കാനുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇവ ലഭിക്കേണ്ടത് തന്റെ അവകാശമാണെന്നും അവ നല്‍കാതെ വിചാരണ ആരംഭിക്കരുതെന്നുമായിരുന്നു ദിലീപിന്റെ വാദം. ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഹര്‍ജി മാര്‍ച്ച് 21ന് വീണ്ടും പരിഗണിക്കും.
നേരത്തേ, ദൃശ്യങ്ങള്‍ക്കായി ദിലീപ് അങ്കമാലി കോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍, പ്രതിക്ക് ദൃശ്യങ്ങള്‍ നല്‍കിയാല്‍ നടിയെ വീണ്ടും അപകീര്‍ത്തിപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച് ആവശ്യം മജിസ്‌ട്രേറ്റ് കോടതി തള്ളുകയായിരുന്നു. അതിനുശേഷം, വിചാരണ ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുക..
Leave a Comment