ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ സുനന്ദ പുഷ്‌ക്കറിന്റേത് കൊലപാതകമാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സുനന്ദയുടെ മരണം കൊലപാതകമാണെന്ന് സംഭവം നടന്ന സമയത്ത് ഡല്‍ഹിയില്‍ ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ആയിരുന്ന ബിഎസ് ജയ്സ്വാള്‍ തയ്യാറാക്കിയ ആദ്യ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അലോക് ശര്‍മയുടെ കണ്ടെത്തല്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ബി.എസ് ജെയ്‌സ്വാള്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്. ശരീരത്തിലെ മുറിവുകളും കടിയേറ്റപാടും ഇത് സാധൂകരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിനൊപ്പം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വിഷം അകത്തുചെന്നാണ് മരണമെന്ന സൂചനയും ഉണ്ട്. ഇന്‍ക്വസ്റ്റ് നടത്തിയ എസ് ഡി ഓ അലോക് ശര്‍മ തന്നെ മരണം കൊലപാതകമാണെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്താനും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷബാധയേറ്റാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി പറഞ്ഞിരുന്നു. സാഹചര്യ തെളിവുകള്‍ വച്ച് അല്‍പ്രാസോള്‍ വിഷം ഉപയോഗിച്ചുവെന്നായിരുന്നു സൂചനകള്‍. ശരീരത്തില്‍ കണ്ട ഇഞ്ചക്ഷന്റെ പാട് പുതിയതാണ്. വിഷം നല്‍കിയത് ഇഞ്ചക്ഷന്‍ ആയിട്ടാണോയെന്ന് ഇത് സംശയമുയര്‍ത്തുന്നു. സുനന്ദയും ശശി തരൂരും തമ്മില്‍ അടിപിടയുണ്ടായതായി സഹായിയുടെ മൊഴിയും മുഖവിലയ്‌ക്കെടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2014 ജനുവരി 17നാണ് രാത്രി ഒമ്പതുമണിയോടെ സുനന്ദ പുഷ്‌കറെ ഹോട്ടല്‍ ലീലാ പാലസിലെ 345-ാം നമ്പര്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. ജനുവരി 15ന് വൈകീട്ട് 5.45ന് സുനന്ദ ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്തതായാണ് രേഖകള്‍. നേരത്തേ 307-ാം നമ്പര്‍ മുറിയാണ് നല്‍കിയിരുന്നതെങ്കിലും പിന്നീട് ജനുവരി 16നാണ് അവര്‍ 345-ാം നമ്പര്‍ മുറിയിലേക്ക് മാറുന്നത്. സംഭവദിവസം മൂന്നുമണിക്ക് തന്റെ വെളുത്ത വസ്ത്രം എടുത്തുവയ്ക്കാനും പത്രസമ്മേളനത്തിന് പോകാനുണ്ടെന്നും സഹായിയോട് വ്യക്തമാക്കിയിരുന്നു. പക്ഷേ, പിന്നീട് അവരെ മരിച്ച നിലയില്‍ കണ്ടുവെന്ന വിവരമാണ് പുറത്തുവന്നത്.
Leave a Comment