ആലപ്പുഴ: ഓച്ചിറയില്‍ വ്യാജവൈദ്യന്റെ ചികിത്സാ കേന്ദ്രത്തില്‍ വൃക്കാരോഗിയായി എത്തിയ യുവാവിന് ദാരുണ അന്ത്യം. വിനീത് എന്ന യുവാവിനെ വൃക്ക മാറ്റിവെക്കാതെ തന്നെ രോഗം പൂര്‍ണമായി മാറ്റാമെന്ന ഉറപ്പിലാണ് അഡ്മിറ്റ് ചെയ്തത്.
മരിച്ച് മണിക്കുറുകള്‍ കഴിഞ്ഞിട്ടും വിവരം പുറത്താരെയും അറിയിച്ചില്ല. ബന്ധുക്കളോടും വിവരം മറച്ചുവെച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയനാക്കി. വിനീത് അശാസ്ത്രീയമായ ചികിത്സാപരീക്ഷണത്തെ തുടര്‍ന്ന് മരണപ്പെട്ടുവെന്ന് യുവഡോക്ടര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഒരു മരണം നടന്നിട്ടുണ്ട്. 27 വയസ്സുള്ള ഒരു ചെറുപ്പക്കാരനാണ് മരിച്ചത്, പേര് വിനീത്. വൃക്കയെ ബാധിക്കുന്ന അസുഖം ചികിത്സിക്കാന്‍ മോഹനന്റെ അടുത്ത് പോയതാണ്.
ഡയാലിസിസും വൃക്കമാറ്റി വയ്ക്കലുമൊന്നുമില്ലാതെ രോഗം പൂര്‍ണമായി മാറ്റാം എന്ന ഉറപ്പിലാണ് അഡ്മിറ്റ് ചെയ്തത്.
ഓച്ചിറയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യാജവൈദ്യന്റെ ചികിത്സാകേന്ദ്രത്തില്‍ വെച്ച് അശാസ്ത്രീയ ചികിത്സാപരീക്ഷണത്തിന് ഇരയായി മാര്‍ച്ച് 4 ന് വിനീത് ‘മരണ’പ്പെട്ടു.
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിവരം പുറത്തറിയിച്ചില്ല. വിനീതിന്റെ ബന്ധുക്കളെ യഥാസമയം വിവരമറിയിക്കാന്‍ പോലും വിമുഖത കാണിച്ചു.
നാട്ടുകാര്‍ പ്രശ്‌നമാക്കിയതിനെ തുടര്‍ന്ന് ഇന്നലെ (മാര്‍ച്ച് 5ന്) ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വെച്ച് പോസ്റ്റുമോര്‍ട്ടം ചെയ്തു.
ഒരു വിവാദവും ഇല്ല. കൈയ്യേറ്റവും ഇല്ല. പത്രങ്ങളിലും ചാനലുകളിലും വാര്‍ത്തയുമില്ല.
27 വയസ്സുള്ള ചുറുചുറുക്കുള്ള ചെറുപ്പക്കാരനാണ് ഇല്ലാതായത്.
വിനീതിന് ആദരാഞ്ജലികള്‍.
ഇത് ഒരു സാധാരണ മരണമല്ല, ഇതൊരു കൊലപാതകമാണ്. ശരിയായ ചികിത്സ ലഭിച്ചാല്‍ ആരോഗ്യത്തോടെ ജീവിച്ചിരിക്കേണ്ട ഒരു ചെറുപ്പക്കാരനാണ് ഇല്ലാതായത്.
ഈ കൊലപാതകത്തില്‍ ധാരാളം കൂട്ടുപ്രതികളുണ്ട്. ക്യാന്‍സറും സോറിയാസിസും വൃക്ക സംബന്ധമായ അസുഖങ്ങളും മാറ്റാന്‍ വ്യാജ വൈദ്യന്റെ അടുത്ത് പോകാന്‍ പ്രേരിപ്പിക്കുന്ന ഏവരും കൂട്ടുപ്രതികളാണ്. അത്തരം സന്ദേശങ്ങള്‍ വാട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പങ്കുവെക്കുന്ന ഏവരും ഈ മരണത്തിന്റെ പങ്കാളികളാണ്. അറിഞ്ഞോ അറിയാതെയോ മരണത്തിന്റെ വ്യാപാരികളായി മാറുകയാണവര്‍.
മോഹനനെയും വടക്കന്‍ചേരിയേയും പിന്തുണയ്ക്കുന്ന ഏവര്‍ക്കും ഈ മരണത്തില്‍ ഉത്തരവാദിത്തമുണ്ട്. അവര്‍ക്കാര്‍ക്കും കൈ കഴുകാന്‍ സാധിക്കില്ല.
ഈ കള്ളനാണയങ്ങളെ പൂട്ടേണ്ടവര്‍ ഉറക്കത്തിലായിരിക്കണം…
വ്യസനത്തോടെ വിനീതിന് ആദരാഞ്ജലികള്‍ …
Leave a Comment