ഫുട്‌ബോള്‍ താരം ഹോട്ടലില്‍ മരിച്ച നിലയില്‍

റോം: ഇറ്റാലിയന്‍ ക്ലബ് ഫിയോറന്റീനയുടെ നായകനും ഇറ്റലിയുടെ ദേശീയ ടീം അംഗവുമായ ഡേവിഡ് അസ്‌തോരിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാത്രി ഇറ്റാലിയന്‍ നഗരമായ ഉഡിനിലെ ലാ ഡി മോറെറ്റ് ഹോട്ടലിലാണ് അസ്‌തോരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 31 വയസ്സായിരുന്നു. 14 മല്‍സരങ്ങളില്‍ ഇറ്റാലിയന്‍ ജഴ്‌സി അണിഞ്ഞിട്ടുള്ള താരമാണ് അസ്‌തോരി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന.
അദ്ദേഹത്തിന്റെ ക്ലബ്ബായ ഫിയോറന്റീനയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. ‘കടുത്ത ഞെട്ടലിലായ ഫിയോറന്റീന ക്ലബ് തങ്ങളുടെ നായകന്‍ ഡേവിഡ് അസ്‌തോരിയുടെ ആകസ്മികവും അപ്രതീക്ഷിതവുമായ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു’ – ക്ലബ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
അസ്‌തോരി പ്രഭാത ഭക്ഷണം കഴിക്കാന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സഹതാരങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. ഇതോടെ ചിലര്‍ റൂമിനു പുറത്തുപോയി വിളിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ അസ്‌തോരി താമസിച്ചിരുന്ന മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് താരം മരിച്ചു കിടക്കുന്നത് കണ്ടത്.
ഇറ്റാലിയന്‍ സീരി എയില്‍ അദ്ദേഹത്തിന്റെ ക്ലബ്ബായ ഫിയോറന്റീന ഉഡിനീസുമായി മല്‍സരിക്കാനിരിക്കെയാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗം. ഇതോടെ ലീഗിലെ ഇന്നത്തെ മല്‍സരങ്ങളെല്ലാം മാറ്റിവച്ചു. 2011ലാണ് അസ്‌തോരി ഇറ്റാലിയന്‍ ദേശിയ ജഴ്‌സിയില്‍ അരങ്ങേറിയത്. തുടര്‍ന്ന് 14 മല്‍സരങ്ങളില്‍ ദേശീയ ടീമിനായി കളിച്ചു. എസി മിലാന്‍ താരമായിരുന്നു അസ്‌തോരി 2015ലാണ് ഫിയോറന്റീനയില്‍ എത്തിയത്.

pathram:
Related Post
Leave a Comment